
ബ്രൂവറിക്ക് അനുമതി നൽകിയതിൽ പ്രതിഷേധം ശക്തം; പ്രതിപക്ഷം ആശങ്ക സൃഷ്ടിക്കുകയാണെന്ന് എം.ബി രാജേഷ്
|മന്ത്രി എം.ബി രാജേഷ് കോടികളുടെ അഴിമതിയാണ് നടത്തിയതെന്ന് വി.കെ ശ്രീകണ്ഠൻ എംപി ആരോപിച്ചു
പാലക്കാട്: എലപ്പുള്ളിയിൽ ബ്രൂവറിക്ക് അനുമതി നൽകിയതിൽ പ്രതിഷേധം ശക്തം. ഭൂഗർഭ ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ബ്രൂവറി അനുവദിക്കില്ലെന്ന് നാട്ടുകാർ പ്രതികരിച്ചു. കോൺഗ്രസും, ബിജെപിയും സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു. അതിനിടെ ബ്രൂവറിക്ക് വേണ്ടി ഭൂമി തട്ടിയെടുത്തെന്ന് ചൂണ്ടികാട്ടി ചില പ്രദേശവാസികളും രംഗത്ത് എത്തി.
എലപ്പുള്ളിയിലെ 26 ഏക്കർ സ്ഥലമാണ് ബ്രൂവറിക്ക് വേണ്ടി വാങ്ങിയത്. ജലക്ഷാമം അതിരൂക്ഷമായ പ്രദേശത്ത് ബ്രൂവറി വന്നാൽ തങ്ങൾ വലിയ പ്രതിസന്ധിയിലാകുമെന്ന് പ്രദേശവാസികൾ ചൂണ്ടികാട്ടുന്നു. ഇവർക്ക് പിന്തുണയുമായി കോൺഗ്രസും ബിജെപിയും രംഗത്ത് എത്തി. സ്ഥലത്ത് ഇരു പാർട്ടി പ്രവർത്തകരും കൊടി കുത്തി.
മന്ത്രി എം.ബി രാജേഷ് കോടികളുടെ അഴിമതിയാണ് ബ്രൂവറിയുടെ മറ പറ്റി നടത്തിയതെന്ന് സ്ഥലം സന്ദർശിച്ച വി.കെ ശ്രീകണ്ഠൻ എംപി ആരോപിച്ചു. എന്നാൽ പ്രതിപക്ഷം ആശങ്ക സൃഷ്ടിക്കുകയാണെന്ന് എം.ബി രാജേഷ് ചുണ്ടികാട്ടി. ബ്രൂവറിക്ക് വേണ്ടി തങ്ങളുടെ സ്ഥലങ്ങൾ തട്ടിയെടുത്തതായി പ്രദേശവാസികളായ ചില സ്ത്രീകളും പറയുന്നു.