< Back
Kerala
ശബരിമല വ്രതത്തിലായിരുന്ന വിദ്യാർഥിക്ക് കറുപ്പ് ധരിച്ചതിന്റെ പേരിൽ സ്കൂളിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി
Kerala

ശബരിമല വ്രതത്തിലായിരുന്ന വിദ്യാർഥിക്ക് കറുപ്പ് ധരിച്ചതിന്റെ പേരിൽ സ്കൂളിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി

Web Desk
|
12 Nov 2025 9:05 AM IST

സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രം​ഗത്തെത്തി.

തൃശൂർ: ശബരിമല വ്രതത്തിലായിരുന്ന വിദ്യാർഥിക്ക് കറുപ്പ് വസ്ത്രം ധരിച്ചതിന്റെ പേരിൽ സ്കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി. തൃശൂർ എളവള്ളി ബ്രഹ്മകുളം ഗോകുലം പബ്ലിക് സ്കൂളിനെതിരെയാണ് പരാതി.

എളവള്ളി സ്വദേശിയായ വിദ്യാർഥിയോട് യൂണിഫോം ധരിച്ചെത്തണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടെന്നാണ് ആരോപണം. നവംബർ മൂന്ന് മുതൽ കുട്ടിക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ചതായും പഠനം വിലക്കിയതായും രക്ഷിതാക്കൾ പറയുന്നു.

കറുപ്പ് വസ്ത്രം സ്‌കൂൾ മാനുവലിന് വിരുദ്ധമായതിനാലാണ് പ്രവേശനം നിഷേധിച്ചതെന്നാണ് അധികൃതർ പറയുന്നത്. വിലക്കുള്ളതിനാൽ കുട്ടിക്ക് സ്‌കൂളിൽ പോകാനാവില്ലെന്നും ഉടൻ അനുകൂല തീരുമാനമുണ്ടാവണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.

സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രം​ഗത്തെത്തി. സ്കൂൾ അധികൃതരുമായി പലവട്ടം ചർച്ച നടത്തിയിട്ടും പ്രശ്നപരിഹാരത്തിന് ശ്രമമുണ്ടായില്ലെന്ന് ഹിന്ദു ഐക്യവേദി പറയുന്നു.

നേരത്തെ ‌പള്ളുരുത്തി സെന്റ്. റീത്താസ് സ്കൂളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനിക്ക് സ്കൂൾ അധികൃതർ പ്രവേശനം നിഷേധിച്ചത് വിവാദമായിരുന്നു. തുടർന്ന് വിഷയം ഹൈക്കോടതിയിൽ എത്തുകയും ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമുദായ സൗഹാർദം നിലനിൽക്കട്ടെയെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് രക്ഷിതാക്കൾ മാറ്റുകയും ചെയ്തിരുന്നു.

അന്ന് ഹിജാബ് വിലക്കിനെ അനുകൂലിച്ചും സെന്റ്. റീത്താസ് സ്കൂളിനെ പിന്തുണച്ചും ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരുന്നു. മന്ത്രി വി. ശിവൻകുട്ടി മുസ്‌ലിം വികാരം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്നും സിപിഎമ്മിന്റെ മുസ്‌ലിം പ്രീണന നയത്തെ ഇതര സമൂഹങ്ങൾ തിരിച്ചറിയണം എന്നും കോടതി എന്ത് പറഞ്ഞാലും മുസ്‌ലിം വോട്ടാണ് മുഖ്യം എന്നുമായിരുന്നു ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബുവിന്റെ വാദം.




Similar Posts