< Back
Kerala
കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
Kerala

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

Web Desk
|
15 Jan 2026 7:17 AM IST

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കണ്ണൂര്‍: കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി അയോണ മോൺസൺ ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ബന്ധുക്കളുടെ നിർദേശപ്രകാരം അയോണയുടെ അവയവങ്ങൾ ദാനം ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് സ്കൂളിൽ എത്തിയ അയോണ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് ചാടിയത്. ബാസ്ക്കറ്റ് ബോൾ കോർട്ടിൽ വീണ് ഇരുകാലുകൾക്കും തലയ്ക്കും ഗുരുതര പരിക്കേറ്റ അയോണയെ ഉടൻ കണ്ണൂരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൻ്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന അയോണ ഇന്നലെ രാത്രിയോടെ മരണത്തിന് കീഴടങ്ങി.

കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം ആഗ്രഹം പ്രകടിപ്പിച്ചതിനെ ഉടൻ തന്നെ അതിൻ്റെ നടപടികൾ ആശുപത്രി സ്വീകരിച്ചു. വൃക്കകളിൽ ഒന്ന് തിരുവന്തപുരം മെഡിക്കൽ കോളജിലെ രോഗിക്കും മറ്റൊന്ന് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലെ രോഗിക്കും നൽകും. കരൾ കോഴിക്കോട് തന്നെ ഉള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലെ രോഗിക്കാണ് ദാനം ചെയ്തത്. കണ്ണുകൾ കണ്ണൂർ ജില്ലാ ആശുപത്രിയിലെ രോഗിക്കാണ് കൈമാറിയത്. അവയവങ്ങൾ ദാനം ചെയ്യുന്ന നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാളെ സംസ്‌കരിക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056).

Similar Posts