< Back
Kerala

Kerala
ചാലക്കുടിയിലെ വാട്ടർതീം പാർക്കിൽ വിനോദയാത്രക്ക് പോയ വിദ്യാർഥികൾക്ക് എലിപ്പനി
|3 March 2023 7:50 AM IST
രോഗം സ്ഥിരീകരിച്ചത് ആലുവയിലും എറണാകുളത്തും ഉള്ള കുട്ടികൾക്ക്
തൃശൂർ: ചാലക്കുടിയിലെ വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ വിദ്യാർഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. ആലുവയിലും എറണാകുളത്തുമുള്ള വിവിധ സ്‌കൂളുകളിലെ നിരവധി വിദ്യാർത്ഥികളാണ് പനിയും വയറിളക്കവും ഛർദിയും ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
ആലുവയിൽ മാത്രം പത്തിലധികം വിദ്യാർഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ രണ്ടുപേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.അഞ്ച് പേരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ ഡി.എം.ഒ റിപ്പോർട്ട് തേടിയിട്ടുണ്ട്.
വാട്ടർ തീം പാർക്കിൽ വെള്ളത്തിലിറങ്ങിയവർ പനി വിട്ട് മാറിയിട്ടില്ലെങ്കിൽ തുടർ ചികിത്സ തേടണമെന്ന് ആരോഗ്യ വിദഗ്ദർ നിർദേശിച്ചു. കഴിഞ്ഞ മാസം പതിനേഴാം തീയതിയാണ് ചാലക്കുടിയിലെ വാട്ടർ തീം പാർക്കിലേക്ക് വിദ്യാർഥികൾ വിനോദയാത്രയ്ക്ക് പോയത്.