< Back
Kerala
സുബൈർ വധക്കേസ് പ്രതികള്‍ റിമാന്‍ഡില്‍; രാഷ്ട്രീയ കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോർട്ട്
Kerala

സുബൈർ വധക്കേസ് പ്രതികള്‍ റിമാന്‍ഡില്‍; രാഷ്ട്രീയ കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോർട്ട്

Web Desk
|
20 April 2022 12:31 PM IST

സഞ്ജിത്തിൻറെ കൊലപാതകത്തിൽ പ്രതികാരം തീർക്കുകയായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്

പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. രമേശ്, ശരവണൻ, അറുമുഖൻ എന്നിവരെ ചിറ്റൂർ ജയിലിലേക്ക് മാറ്റും. രാഷ്ട്രീയ കൊലപാതകമാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. സഞ്ജിത്തിന്‍റെ കൊലപാതകത്തില്‍ പ്രതികാരം തീർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

മേലാമുറിയില്‍ ആര്‍.എസ്.എസ് നേതാവ് എസ്. കെ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കൊല നടത്താന്‍ ബൈക്ക് കൊണ്ടുപോയ അബ്ദുറഹ്മാന്റെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യാനായി നിരവധി പേരെ വിളിച്ച് വരുത്തിയിട്ടുണ്ട്.

കൊലയാളികള്‍ എത്തിയ ബൈക്കുകളിലൊന്ന് തമിഴ്നാട് റജിസ്ട്രേഷനിലുള്ളതാണെന്നും കണ്ടെത്തി. കൊലക്ക് ശേഷം പ്രതികള്‍ പട്ടാമ്പി ഭാഗത്തേക്കാണ് പോയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. പ്രതികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ചെന്നും ഉടന്‍ തന്നെ പിടിയിലാവുമെന്നും എ.ഡി.ജി.പി വിജയ് സാക്കറെ പറഞ്ഞു.

അതേസമയം, പാലക്കാട് നിരോധനാജ്ഞ ഇന്ന് വൈകുന്നേരം അവസാനിക്കാനിരിക്കെ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. നിരോധനാജ്ഞ തുടരണമെന്നതാണ് പൊലീസിന്റെ തീരുമാനമെന്നും ഈ കാര്യം സർക്കാറിനോട് ആവശ്യപ്പെടുമെന്നുമാണ് എ.ഡി.ജി.പി വ്യക്തമാക്കുന്നത്.

Similar Posts