
യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന വാർത്ത തള്ളാതെ സണ്ണി എം കപിക്കാട്
|കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിലൂടെ മാത്രമേ ദലിതർക്ക് അവസരം ലഭിക്കുവെന്നും യുഡിഎഫുമായി സഹകരിക്കുന്നതിൽ രാഷ്ട്രീയമായി പിശകുണ്ടെന്ന് കരുതുന്നില്ലെന്നും സണ്ണി എം കപിക്കാട് മീഡിയവണിനോട് പറഞ്ഞു
കോട്ടയം: യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന വാർത്ത തള്ളാതെ സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്. തൻ്റെ പേര് യുഡിഎഫ് സജീവമായി പരിഗണിക്കുന്നതായി അറിയാമെന്ന് കപിക്കാട് മീഡിയവണിനോട് പറഞ്ഞു. ഏത് മണ്ഡലം എന്ന കാര്യത്തിൽ അടക്കം ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല.
കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിലൂടെ മാത്രമെ ദലിതർക്ക് അവസരം ലഭിക്കുവെന്നും യുഡിഎഫുമായി സഹകരിക്കുന്നതിൽ രാഷ്ട്രീയമായി പിശകുണ്ടെന്ന് കരുതുന്നില്ലെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.
വൈക്കം മണ്ഡലത്തിലെ വോട്ടർ കൂടിയാണ് സണ്ണി എം.കപിക്കാട്. 1991ന് ശേഷം യുഡിഎഫ് വിജയിക്കാത്ത മണ്ഡലമാണ് വൈക്കം. വിവിധ സമൂഹിക ജനവിഭാഗങ്ങൾക്ക് പങ്കാളിത്തമുള്ള മുന്നണിയാക്കി യുഡിഎഫിനെ മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് സണ്ണി എം.കപിക്കാടിനെ വൈക്കത്തേക്ക് പരിഗണിക്കുന്നത്. ദലിത് ക്രൈസ്തവ സംഘടനകളുടെ പിന്തുണയും സണ്ണിയുടെ സ്ഥാനാർഥിത്വത്തിന് ഉണ്ടെന്നാണ് സൂചന.
മണ്ഡലത്തിൽ ദലിത് ക്രൈസ്തവ വിഭാഗത്തിന് 20,000 ത്തിലേറെ വോട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങൾക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് വൈക്കം. സമാനമായ രീതിയിൽ വേറെ ചില മണ്ഡലങ്ങളിൽ കൂടി അപ്രതീക്ഷിത സ്ഥാനാർഥികളെ യുഡിഎഫ് പരിഗണിക്കുന്നുണ്ട്.