
'എത്ര വെള്ളപൂശിയാലും പുള്ളിപ്പുലിയുടെ പുള്ളി തെളിഞ്ഞു വരും, അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആഗോള അയ്യപ്പ സംഗമം' ; സർക്കാറിനെതിരെ സമസ്ത മുഖപത്രം
|തമിഴ്നാട്, കർണാടക മുഖ്യമന്ത്രിമാർ കൈക്കൊള്ളുന്നത് നെഞ്ചുറപ്പുള്ള നിലപാടാണ്. ഇതുമായി തുലനം ചെയ്യുമ്പോൾ ബോധ്യപ്പെടും ഇടതു സർക്കാരിന്‍റെ ഇരട്ടത്താപ്പെന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ പറയുന്നു
കോഴിക്കോട്: ആഗോള അയ്യപ്പസംഗമത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. നിരന്തരം വിഷം തുപ്പുന്ന വർഗീയവാദികളുടെ തോളിൽ കയ്യിട്ടാണ് അപകടക്കളിയെന്ന് സുപ്രഭാതം എഡിറ്റോറിയലില്‍ പറയുന്നു. 'യോഗി ആദിത്യനാഥിനെയും വെള്ളാപ്പള്ളിയെയുമാണ് ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചത്. രാഷ്ട്രീയ ഉള്ളടക്കം മതനിരപേക്ഷമാണെന്ന് തോന്നിപ്പിക്കാൻ സിപിഎമ്മിനും സർക്കാറിനും നേരത്തെ കഴിഞ്ഞിരുന്നു.എന്നാൽ എത്ര വെള്ളപൂശിയാലും പുള്ളിപ്പുലിയുടെ പുള്ളി തെളിഞ്ഞു വരും എന്നതാണ് യാഥാർത്ഥ്യം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആഗോള അയ്യപ്പ സംഗമം'. 'സർക്കാർ വിലാസം ഭക്തസംഘം' എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിലാണ് സർക്കാരിനെതിരായ വിമർശനം.
കേരളത്തിന്‍റെ മതേതര മനസ്സിനെ നിരന്തര മുറിവേൽപ്പിക്കുന്ന ചില സാമുദായിക നേതാക്കളുടെ തോളിൽ കയ്യിട്ടാണ് ഈ അപകടക്കളി.തമിഴ്നാട്, കർണാടക മുഖ്യമന്ത്രിമാർ കൈക്കൊള്ളുന്നത് നെഞ്ചുറപ്പുള്ള നിലപാടാണ്. ഇതുമായി തുലനം ചെയ്യുമ്പോൾ ബോധ്യപ്പെടും ഇടതു സർക്കാരിന്‍റെ ഇരട്ടത്താപ്പ്. കർണാടകയിലെ ദസറ ആഘോഷങ്ങൾക്ക് തിരിതെളിച്ചത് ബുക്കർ പ്രൈസ് ജേതാവ് ബാനു മുഷ്താഖ് എന്ന മുസ്‍ലിം വനിതയാണ്.ഇതിനെതിരെ സുപ്രിം കോടതി വരെ സംഘ്പരിവാർ പോയെങ്കിലും അവർ മനുഷ്യസ്ത്രീയാണ് എന്നതായിരുന്നു സിദ്ധരാമയ്യയുടെ നിലപാട് . തമിഴ്നാട്ടിൽ നബിദിന സംഗമത്തിൽ പങ്കെടുത്ത എം.കെ സ്റ്റാലിൻ പറഞ്ഞത് 'ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുമ്പോൾ കോട്ട കണക്കെ കൂടെ ദ്രാവിഡ മുന്നേ കഴകം കൂടെ ഉണ്ടാകു'മെന്നാണ്.എന്നാൽ ഇതുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ അയ്യപ്പ സംഗമത്തിൽ വർഗീയവാദികൾ മാത്രമാണ് പങ്കെടുത്തത്. വർഗീയ വിഷം വിളമ്പുന്ന യോഗി ആദിത്യനാഥിനെയും വെള്ളാപ്പള്ളിയെയും ആണ് ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചതെന്നും എഡിറ്റോറിയലില്‍ പറയുന്നു.