
ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന്റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും
|ശബരിമല സ്വർണകൊള്ളയിൽ റിമാൻഡിൽ ഉള്ള മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എന്‍.വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസുവിന്‍റെ അപ്പീൽ. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവുമുള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഇനി കസ്റ്റഡി അനിവാര്യമല്ലെന്നാണ് വാസുവിന്‍റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്നും ആവശ്യപ്പെടുന്നു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുക.
അതേസമയം, ശബരിമല സ്വർണകൊള്ളയിൽ റിമാൻഡിൽ ഉള്ള മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം തേടിയാണ് മുരാരി ബാബു കോടതിയെ സമീപിച്ചത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ കോടതി സ്വാഭാവിക ജാമ്യം അനുവദിക്കാൻ ആണ് സാധ്യത.
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചതും അഭിഭാഷകൻ ചൂണ്ടിക്കാണിക്കും. മുരാരി ബാബുവിന് ജാമ്യം അനുവദിച്ചാൽ അത് എസ്എടിഎക്ക് വലിയ തിരിച്ചടിയാകും. കേസിൽ തന്ത്രി കണ്ഠര് രാജീവർക്കായി എസ്ഐടി സമർപ്പിച്ച കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും. തന്ത്രിയെ ഒരു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എസ്ഐടി ആവശ്യം. തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷ 23നായിരിക്കും കോടതി പരിഗണിക്കുക.