< Back
Kerala
ഇത് പ്രജാരാജ്യം; കലുങ്ക് സംവാദത്തിൽ വിവാദ പരാമർശം ആവർത്തിച്ച് സുരേഷ് ​ഗോപി

Photo | Special Arrangement

Kerala

'ഇത് പ്രജാരാജ്യം'; കലുങ്ക് സംവാദത്തിൽ വിവാദ പരാമർശം ആവർത്തിച്ച് സുരേഷ് ​ഗോപി

Web Desk
|
9 Oct 2025 9:46 PM IST

'കിറ്റുമായി വന്നാൽ അവൻ്റെയൊക്കെ മുഖത്തേക്ക് എറിയണം'

പാലക്കാട്: പാലക്കാട് കലുങ്ക് സംവാദപരിപാടിക്കിടയിൽ വിവാദ പരാമർശം ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഇത് പ്രജാരാജ്യമാണെന്ന് കലുങ്ക് സംവാദത്തിൽ സുരേഷ് ​ഗോപി പറഞ്ഞു.

പ്രജകളാണ് ഇവിടെ രാജാക്കൻമാർ. കേരളം നന്നാക്കാനാണ് കലുങ്ക് സംവാദം നടത്തുന്നത്. വിരൽചൂണ്ടി പ്രജകൾ സംസാരിക്കണം. വ്യക്തിപരമായ ഒരു ആവശ്യങ്ങളും ഇവിടെ പരിഗണിക്കില്ല. അതു വെച്ച് കൊയ്ത്ത് നടത്താമെന്ന് മാക്രികൾ വിചാരിക്കേണ്ട. നിവേദനം തന്നയാളെ ഞാൻ അവഹേളിച്ചു എന്ന് പറയുന്നത് അവരുടെ മാത്രം വ്യാഖ്യാനം. അവഹേളനങ്ങൾക്ക് ഞാൻ പുല്ലുവിലയാണ് നൽകുന്നതെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

നപുംസകങ്ങൾക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോ എന്നറിയില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. നേരത്തെ ശമ്പളം മുഴുവൻ ജനങ്ങളുടെ കഞ്ഞി പത്രത്തിലുണ്ടെന്ന് പറഞ്ഞത് വിവാദമായിരുന്നു. പാലക്കാട്‌ കേരളത്തിന്റെ അന്ന പാത്രമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇനി കഞ്ഞി പത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങൾക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ലെന്നായിരുന്നു സുരേഷ് ​ഗോപിയുടെ പരാമർശം.

ഹിന്ദുമത പഠനത്തിന് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട യുവതിയോട് അത് നിങ്ങളുടെ എംഎൽഎയുടെ വീട്ടിൽ കയറി ചോദിക്കൂവെന്നും സുരേഷ് ​ഗോപി പറഞ്ഞു. ദേവസ്വം ബോർഡ് ഇടതുപക്ഷത്തിൻ്റെ കൈയിലാണ്. എംഎൽഎയുടെ വീട്ടിൽ കയറി മത പഠനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപെടണം. കിറ്റുമായി വന്നാൽ അവൻ്റെയൊക്കെ മുഖത്തേക്ക് എറിയണം. ശബരിമലയിലെ സ്വർണം ചെമ്പിക്കിയവരാണ് സിപിഎം. അതിനാണ് ഭരണം പിടിച്ച് വെച്ചിരിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Related Tags :
Similar Posts