
കന്യാസ്ത്രീകളുടെ അറസ്റ്റിൽ മൗനം തുടരുന്നതിനിടെ സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി സുരേഷ് ഗോപി
|ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായത് മുതൽ സുരേഷ് ഗോപി ഈ വിഷയത്തിൽ പ്രതികരിക്കുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്തിരുന്നില്ല.
അങ്കമാലി: കന്യാസ്ത്രീകളുടെ അറസ്റ്റിൽ മൗനം തുടരുന്നതിനിടെ സിസ്റ്റർ പ്രീതി മേരിയുടെ വീട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. അങ്കമാലിയിലെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ബന്ധുക്കളെ കണ്ടത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായത് മുതൽ സുരേഷ് ഗോപി ഈ വിഷയത്തിൽ പ്രതികരിക്കുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്തിരുന്നില്ല.
പല തവണ മാധ്യമങ്ങൾ അടക്കം പ്രതികരണം തേടിയെങ്കിലും മൗനം തുടർന്ന സുരേഷ് ഗോപിക്കെതിരെ സഭയിലുള്ള ആളുകൾ തന്നെ രംഗത്ത് വന്നിരുന്നു. പിന്നീട് സുരേഷ് ഗോപിയെ കാണാനില്ല എന്ന തരത്തിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഓഫീസിൽ ഇരിക്കുന്ന ഫോട്ടോ സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
ഇന്ന് രാവിലെ തൃശൂരിലെത്തിയ സുരേഷ് ഗോപിയിൽ നിന്ന് പല വിഷയങ്ങളിൽ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും സമ്പൂർണ മൗനമായിരുന്നു മറുപടി. ഇതിനിടെയാണ് ബിജെപിയുടെ ജില്ലാ നേതൃത്വത്തെ പോലും അറിയിക്കാതെ അപ്രതീക്ഷിതമായി സുരേഷ് ഗോപി അങ്കമാലിയിൽ എത്തുന്നത്. എല്ലാ വിഷയത്തിലും കൂടെ നിൽക്കാമെന്നും ബിജെപി നേതൃത്വത്തിന്റെ ഇടപെടൽ കൊണ്ടാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞതായി കന്യാസ്ത്രീകളുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.