< Back
Kerala
Suresh Gopis Response sparks controversy in Kanlunk Sabha
Kerala

മുഖ്യമന്ത്രിയെ തിരക്കിപ്പോകാൻ പറ്റുമോയെന്ന് വയോധിക; എന്നാൽ പിന്നെ തന്റെ നെഞ്ചത്തോട്ട് കയറിക്കോയെന്ന് സുരേഷ് ഗോപി

Web Desk
|
17 Sept 2025 3:47 PM IST

കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരിച്ചെടുക്കാൻ സഹായിക്കുമോയെന്ന വയോധികയുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടിയാണ് ചർച്ചയാകുന്നത്

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സഭയിൽ വീണ്ടും വിവാദം. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരിച്ചെടുക്കാൻ സഹായിക്കുമോയെന്ന വയോധികയുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടിയാണ് ചർച്ചയാകുന്നത്. ഇന്ന് രാവിലെ ഇരിങ്ങാലക്കുടയിൽ നടന്ന കലുങ്ക് സഭയിലാണ് സംഭവം.

കരുവന്നൂർ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോ എന്നാണ് സുരേഷ് ഗോപിയോട് വയോധിക ചോദിച്ചത്. അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റുമോ എന്ന് വയോധിക ചോദിച്ചു. 'എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്നായിരുന്നു പരിഹാസത്തോടെ സുരേഷ് ഗോപിയുടെ മറുപടി.

കരുവന്നൂർ ബാങ്കിൽ നിന്ന് ഇഡി പിടിച്ചെടുത്ത പണം തിരികെ തരാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ? ഇഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് തരാനുള്ള സംവിധാനമൊരുക്കാൻ തയ്യാറുണ്ടെങ്കിൽ ആ പണം സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രി മന്ത്രിയോട് പറയൂ. അല്ലെങ്കിൽ നിങ്ങളുടെ എംഎൽഎയെ കാണൂ എന്നും സുരേഷ് ഗോപി പറഞ്ഞു.

മുഖ്യമന്ത്രിയെ കാണാൻ വഴിയറിയില്ലെന്ന് വയോധിക പറഞ്ഞപ്പോൾ പത്രക്കാരോട് ചോദിക്കൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. നിങ്ങളുടെ മന്ത്രി ഇവിടയല്ലേ താമസിക്കുന്നത് എന്നും സുരേഷ് ഗോപി ചോദിച്ചു. 'ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ?' എന്ന് വയോധിക ചോദിച്ചപ്പോൾ 'അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്' എന്നായിരുന്നു മറുപടി.

രണ്ട് ദിവസം മുമ്പ് വീട് നിർമാണത്തിന് സഹായമഭ്യർഥിച്ച് നൽകിയ നിവേദനം സ്വീകരിക്കാൻ സുരേഷ് ​ഗോപി തയ്യാറാവത്തത് വിവാദമായി. അതൊന്നും എംപിയുടെ ജോലിയല്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. പുള്ളിലെ കൊച്ചുരാമൻ എന്ന വ്യക്തിയുടെ നിവേദനമാണ് സുരേഷ് ​ഗോപി സ്വീകരിക്കാതെ മടക്കിയത്. സംഭവം വിവാദമായതോടെ കൊച്ചുരാമന് വീട് നിർമിച്ച് നൽകുമെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു.

Similar Posts