
ശബരിമല കൊടിമര പ്രതിഷ്ഠ കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
|കൊടിമര പുനർനിർമാണത്തിന്റെ രേഖകൾ ആവശ്യപ്പെട്ട് എസ്‌ഐടിക്ക് വിജിലൻസ് കത്ത് നൽകി
തിരുവനന്തപുരം: ശബരിമല കൊടിമര നിർമാണത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്. കൊടിമരത്തിന്‍റെ നിർമാണത്തിന് സ്വർണം നൽകിയിരുന്നതായി സുരേഷ് ഗോപി അന്വേഷണസംഘത്തോട് പറഞ്ഞു. സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസിന്‍റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി അടുത്തമാസം രണ്ടിന് വിധി പറയും.
ശബരിമലയിലെ പുതിയ കൊടിമരം നിർമ്മിച്ചതിൽ 27 പേർ സ്വർണം നൽകിയിരുന്നതായാണ് രേഖകളിലുള്ളത്. ഇവരുടെ മൊഴിയാണ് പ്രത്യേക അന്വേഷണം സംഘം ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുന്നത്. ഹൈക്കോടതി നിയോഗിച്ച സംഘം ഇന്നലെ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി. സ്വർണ്ണം നൽകിയിരുന്നതായി സുരേഷ് ഗോപി പറഞ്ഞു. കൊടിമരം പുനഃപ്രതിഷ്ഠ നടത്തണമെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞതായി അറിഞ്ഞു. തന്‍റെ വിയർപ്പിന്‍റെ അംശം അതിൽ ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് സ്വർണം നൽകാൻ തീരുമാനിച്ചത്.
വീട്ടിലുള്ള സ്വർണം ജ്വല്ലറിയിൽ കൊടുത്താണ് 24 കാരറ്റ് സ്വർണ്ണം ആക്കിയതെന്നും സുരേഷ് ഗോപി മൊഴി നൽകി. നടൻ മോഹൻലാലും കൊടിമര നിർമാണത്തിന് സ്വർണ്ണം നൽകിയിരുന്നതാണ് വിവരം. മോഹൻലാലിൽ നിന്നും ഉടൻ മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
വർഷങ്ങൾക്കു മുമ്പ് കൈമാറിയതായതിനാൽ എത്രത്തോളം സ്വർണമാണ് കൊടുത്തതെന്ന് പലർക്കും ഓർമയില്ല. രസീത് ലഭിച്ചവരാവട്ടെ അത് സൂക്ഷിക്കുകയും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ എത്രത്തോളം സ്വർണമാണ് ലഭിച്ചതെന്ന് കണ്ടെത്തുന്നതും അന്വേഷണ സംഘത്തിന് വെല്ലുവിളി ആകുന്നുണ്ട്. രേഖകളിലുള്ള 27 പേരെ കൂടാതെ മറ്റുചിലരും സ്വർണ്ണം നൽകിയിരുന്നതായി സംശയമുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമവും വിജിലൻസ് ഊർജിതമാക്കി.
ശബരിമലയിലെ പുതിയ കൊടിമരത്തിന്‍റെ നിർമാണത്തിന് അഭിഭാഷക കമ്മീഷണർ കുറുപ്പിനെയാണ് ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നത്. കുറുപ്പിനെ വൈകാതെ തന്നെ ചോദ്യം ചെയ്യും. അഭിഭാഷ കമ്മീഷണറുടെ നേതൃത്വത്തിൽ കൊടിമര നിർമാണത്തിന്‍റെ മറവിൽ സ്വർണം തട്ടിയെടുത്തെന്നാണ് ആരോപണം. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. പ്രാഥമിക അന്വേഷണത്തിൽ തെളിവ് ലഭിച്ചാൽ കേസെടുത്തു മുന്നോട്ടു പോകും. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നിയമിച്ച പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്‍റായ ഭരണസമിതിയാണ് ശബരിമലയിൽ പുതിയ കൊടിമരം സ്ഥാപിച്ചത്.