< Back
Kerala
Surface Guided Radiation Therapy in Tvm RCC
Kerala

ആർസിസിയിൽ സർഫസ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി; സർക്കാർ മേഖലയിൽ ആദ്യം

Web Desk
|
15 March 2025 4:34 PM IST

സ്തനാർബുദം, ശ്വാസകോശാർബുദം, മറ്റ് കാൻസർ രോഗങ്ങൾ എന്നിവയിലാണ് സാധാരണ എസ്ജിആർടി ചികിത്സ നൽകുന്നത്. കൃത്യമായ സ്ഥലത്ത് റേഡിയേഷൻ നൽകുന്നതിലൂടെ അനാവശ്യമായ റേഡിയേഷൻ ശരീരത്തിൽ പതിക്കുന്നത് കുറയ്ക്കാൻ സാധിക്കും.

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ അത്യാധുനിക സർഫസ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി (എസ്ജിആർടി) ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. റേഡിയേഷൻ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു നൂതന സാങ്കേതിക വിദ്യയാണ് എസ്ജിആർടി. സാധാരണ കോശങ്ങൾക്ക് കേടുപാട് വരുത്താതെ കാൻസർ കോശങ്ങളിൽ മാത്രം കൃത്യമായ റേഡിയേഷൻ നൽകാനും പാർശ്വഫലങ്ങൾ കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു. റേഡിയേഷൻ ചികിത്സയിൽ ഉയർന്ന കൃത്യത ഉറപ്പാക്കുന്നതിനും ശരീരത്തിന്റെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനും ഈ സാങ്കേതികവിദ്യയിലൂടെ സഹായിക്കുന്നു. ത്രീഡി ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ശരീരത്തിന്റെ ഉപരിതലം നിരീക്ഷിക്കുന്നതിനാൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് തത്സമയം കണ്ടെത്താനും ഉടനടി പരിഹരിക്കാനും സാധിക്കുന്നു. സർക്കാർ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു റേഡിയേഷൻ തെറാപ്പി ചികിത്സാ സംവിധാനം സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

സ്തനാർബുദം, ശ്വാസകോശാർബുദം, മറ്റ് കാൻസർ രോഗങ്ങൾ എന്നിവയിലാണ് സാധാരണ എസ്ജിആർടി ചികിത്സ നൽകുന്നത്. കൃത്യമായ സ്ഥലത്ത് റേഡിയേഷൻ നൽകുന്നതിലൂടെ അനാവശ്യമായ റേഡിയേഷൻ ശരീരത്തിൽ പതിക്കുന്നത് കുറയ്ക്കാൻ സാധിക്കുന്നു. ശരീരത്തിൽ ടാറ്റൂ ചെയ്ത് മാർക്കിട്ടാണ് സാധാരണ റേഡിയേഷൻ നൽകുന്നത്. എന്നാൽ ഈ നൂതന ചികിത്സയിൽ ടാറ്റു ചെയ്യേണ്ട ആവശ്യമില്ല. സാധാരണ റേഡിയേഷൻ ചികിത്സയിൽ രോഗിയുടെ ചലനം മാറിപ്പോയാൽ റേഡിയേഷനും മാറിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ എസ്ജിആർടി ചികിത്സയിൽ രോഗിക്ക് കൂടുതൽ സൗകര്യം ലഭിക്കുന്നു. ചികിത്സക്കിടെ ഉണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും ത്രീഡി സാങ്കേതികവിദ്യയിലൂടെ കണ്ടെത്താൻ സഹായിക്കുന്നു. ഇത് റേഡിയേഷൻ ചികിത്സയുടെ കൃത്യത വർധിപ്പിക്കും.

സ്തനാർബുദ ചികിത്സയിൽ സർഫസ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി വളരെ ഫലപ്രദമാണ്. സ്തനത്തിലെ കാൻസർ കോശങ്ങളുടെ കൃത്യമായ സ്ഥാനത്ത് റേഡിയേഷൻ നൽകാൻ സാധിക്കുന്നതിനാൽ ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നത് തടയുന്നു. ഇടത്തേ നെഞ്ചിൽ റേഡിയേഷൻ നൽകുമ്പോൾ ഹൃദയത്തിന് കേടുപാട് സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ ചികിത്സയിലൂടെ ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും റേഡിയേഷൻ ഏൽക്കുന്നത് പരമാവധി കുറയ്ക്കാനും സാധിക്കുന്നു. എസ്ജിആർടി ഉപയോഗിച്ച് ശ്വാസോച്ഛ്വാസം നിരീക്ഷിച്ച് റേഡിയേഷൻ നൽകുന്നതിനാൽ ഈ അവയവങ്ങളെ സംരക്ഷിക്കാനും സാധിക്കുന്നു. ഇത് ദീർഘകാല പാർശ്വഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും. സർഫസ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി സ്തനാർബുദ രോഗികൾക്ക് സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു.

Similar Posts