
ഉപകരണ കുടിശ്ശിക; മെഡിക്കൽ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ
|കുടിശ്ശിക 16 മാസം പിന്നിട്ടതോടെയാണ് വിതരണക്കാരുടെ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ശസ്ത്രക്രിയകൾ മുടങ്ങാൻ സാധ്യത. ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ തീരുമാനിച്ചു. ഉപകരണ വിതരണ കുടിശ്ശിക അടക്കാനുള്ള സമയപരിധി അവസാനിച്ചത് കൊണ്ടാണ് ഉപകരണങ്ങൾ തിരിച്ചെടുക്കുന്നത്. കുടിശ്ശിക 16 മാസം പിന്നിട്ടതോടെയാണ് വിതരണക്കാരുടെ നീക്കം.
നാല് ആശുപത്രികളിൽ നിന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കും. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകൾക്ക് പുറമെ, എറണാകുളം ജനറൽ ആശുപത്രിയിലേയും ഉപകരണങ്ങൾ തിരിച്ചെടുക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ തൽക്കാലം തിരിച്ചെടുക്കില്ല. വിതരണക്കാരും മെഡിക്കൽ കോളജ് അധികൃതരും നടത്തിയ ചർച്ചയിലാണ് തീരുമാനം. കുടിശ്ശിക അടയ്ക്കാൻ വിതരണക്കാർ സമയം നൽകി. പണം ലഭിക്കുന്ന മുറയ്ക്ക് വിതരണകാർക്ക് നൽകുമെന്ന് ഉറപ്പ് നൽകിയതായി തിരു.മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.
18 മാസത്തെ കുടിശ്ശികയിൽ 2 മാസത്തെ കുടിശ്ശിക മാത്രമാണ് നൽകിയത്. ഹൃദയ ശസ്ത്രക്രിയകൾ ഉൾപ്പെടെയാണ് ഇതോടെ പ്രതിസന്ധിയിലായത്. 10 ദിവസത്തിനുള്ളിൽ കുടിശ്ശിക തീർക്കുമെന്ന ഡിഎംഇയുടെ ഉറപ്പ് പാഴായി. സംസ്ഥാനത്തെ ഹൃദയശസ്ത്രക്രിയാ ഉപകരണ പ്രതിസന്ധിയിൽ നേരത്തെ സ്റ്റെന്റ് വിതരണം നിർത്തിവെച്ച കമ്പനികൾക്ക് കോഴിക്കോട് - തിരുവനന്തപുരം മെഡിക്കൽ കോളജുകൾ 19 കോടി നൽകിയതോടെയാണ് ആരോഗ്യ വകുപ്പിന് ആശ്വാസമായത്. കുടിശ്ശിക 150 കോടി കടന്നതോടെ സെപ്റ്റംബർ മുതൽ സ്റ്റോക്ക് വിതരണം നിർത്തിവച്ചിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ഹൃദയശാസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്തവരുടെ കുടിശിക മുടങ്ങിയതിനെത്തുടർന്ന് വിതരണം ചെയ്ത ശാസ്ത്രക്രിയ ഉപകരണങ്ങൾ കമ്പനിയിലെ ഉദ്യോഗസ്ഥർ എത്തി തിരിച്ചെടുക്കാൻ ആരംഭിച്ചു. 158 കോടിയിലധികം രൂപ കുടിശ്ശികയായതിനെ തുടർന്നാണ് കമ്പനികളുടെ നടപടി.അടിയന്തര ചികിത്സയുടെ ഭാഗമായ ഹൃദയശാസ്ത്രക്രിയ ഉപകരണങ്ങൾ ആശുപത്രിയിൽ ഇല്ലാതായാൽ രോഗികളും പ്രതിസന്ധിയിലാക്കും. എന്നാൽ നിലവിൽ സ്റ്റോക്ക് എടുക്കാൻ സുപ്രഡന്റ് സമ്മതിച്ചിട്ടില്ല. HOD ഇല്ലാതെ സ്റ്റോക്ക് എടുക്കാൻ അനുവദിക്കില്ലെന്നാണ് മറുപടി.