< Back
Kerala
അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും; കൂടിക്കാഴ്ച രാവിലെ സെക്രട്ടറിയേറ്റിൽ
Kerala

അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ കാണും; കൂടിക്കാഴ്ച രാവിലെ സെക്രട്ടറിയേറ്റിൽ

Web Desk
|
26 May 2022 6:17 AM IST

അന്വേഷണം അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന നടിയുടെ പരാതി വിവാദം ആയിരിക്കെയാണ് കൂടിക്കാഴ്ച നടക്കുന്നത്

തിരുവനന്തപുരം: ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റിലാണ് കൂടിക്കാഴ്ച. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുയർത്തി അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ നൽകിയ ഹരജി വലിയ രാഷ്ട്രീയ വിവാദമായിരിക്കെയാണ് കൂടിക്കാഴ്ച നടക്കുന്നത്.

സർക്കാറിലെ ഉന്നതരുടെ സഹായത്തോടെ ദിലീപ് കേസ് അട്ടിമറിക്കുന്നുവെന്നും തട്ടിക്കൂട്ട് കുറ്റപത്രം നൽകി കേസ് അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നുമായിരുന്നു അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ അറിയിച്ചത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ഹരജി നൽകിയതിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിക്കുകയും ഇത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കി എടുക്കുകയും ചെയ്തിരിന്നു. തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് ചൂടേറിയ ചർച്ചയായി ഹരജി മാറിയതിനിടെയാണ് അക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിയെ കാണുന്നത്.

അതേ സമയം കേസിലെ സർക്കാർ നിലപാട് മുഖ്യമന്ത്രി നടിയോട് വ്യക്തമാക്കും. കേസിന്റെ ആദ്യം മുതൽ നീതി ഉറപ്പാക്കാൻ സർക്കാർ ശ്രമിച്ചതും ദിലീപിനെ അറസ്റ്റ് ചെയ്തതും മുഖ്യമന്ത്രി വിശദീകരിച്ചേക്കും. തുടരന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെ അതൃപ്തി നടിയും മുഖ്യമന്ത്രിയെ അറിയിക്കാനാണ് സാധ്യത.

Similar Posts