
'കുഞ്ഞിന്റെ അച്ഛൻ എന്ന ബോണ്ട് രാഹുലിനോടുണ്ടായിരുന്നു'; അതിജീവിതയുടെ ശബ്ദസന്ദേശം പുറത്ത്
|ഫെനി നൈനാൻ ചാറ്റ് പുറത്ത് വിട്ടത് തന്നെ അധിക്ഷേപിക്കാൻ ആണെന്നും ഇനിയും പരാതിക്കാർ വരുന്നത് തടയാൻ ആണ് വ്യക്തിഹത്യ ചെയ്യുന്നതെന്നും അതിജീവിത ശബ്ദസന്ദേശത്തിൽ പറയുന്നു
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ശബ്ദസന്ദേശം പുറത്ത്. മൂന്നാം പരാതിക്കാരിയുടെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. ഫെനി നൈനാൻ ചാറ്റ് പുറത്ത് വിട്ടത് തന്നെ അധിക്ഷേപിക്കാൻ ആണെന്നും ഇനിയും പരാതിക്കാർ വരുന്നത് തടയാൻ ആണ് വ്യക്തിഹത്യ ചെയ്യുന്നതെന്നും അതിജീവിത ശബ്ദസന്ദേശത്തിൽ പറയുന്നു.
'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണിത്. നടന്ന സംഭാഷണത്തിന്റെ കുറച്ച് മാത്രമാണ് പുറത്ത് വന്നത്. 2024 ജൂലൈയിൽ ആണ് ഫെനിയെ പരിചയപ്പെടുന്നത്. 2025 നവംബർ വരെ ഫെനിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. 2024 മെയ് മാസത്തിൽ ആണ് മിസ്കാരേജ് സംഭവിക്കുന്നത്. രാഹുൽ അങ്ങേയറ്റം സ്ട്രെസും ട്രോമയും തന്നതിന്റെ ഫലമായിരുന്നു ആ മിസ്കാരേജ്.' ശബ്ദസന്ദേശത്തിൽ പറയുന്നു.
കുഞ്ഞിനെ നഷ്ടപ്പെടും ജോലി നഷ്ടപ്പെടും മാനസികമായും ശാരീരികമായും തകർച്ച നേരിട്ട സമയത്താണ് ഫെനി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. തുടർന്ന് ചൂരൽമല ഫണ്ടിങ്ങിൽ കൂപ്പൺ ചലഞ്ചിൽ പങ്കെടുക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടു. രാഹുലാണ് വിജയിയെ പ്രഖ്യാപിക്കുന്നതെന്നും സമ്മർദ്ദം ചെലുത്തി സമ്മാനം നേടി എടുക്കണമെന്നും ഫെനി പറഞ്ഞതായും അതിജീവിത.
അതിജീവിതയുടെ ശബ്ദസന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:
'രാഹുലിനെ കുറിച്ച് ഫെനി എപ്പോഴും സംസാരിക്കുമായിരുന്നു. അതോടെ കാര്യങ്ങൾ ഫെനിയോട് തുറന്നു പറഞ്ഞു. ആരോടും പറയരുതെന്ന് ഫെനി ആവശ്യപ്പെട്ടു. കുഞ്ഞിന്റെ അച്ഛൻ എന്ന ബോണ്ട് രാഹുലിനോടുണ്ടായിരുന്നു. ആ ട്രോമയിൽ കഴിഞ്ഞിരുന്ന എന്നെ ഫെനി മാനിപ്പുലേറ്റ് ചെയ്തു. കോടികളുടെ ബാധ്യത രാഹുലിനുണ്ട് എന്നൊക്കെ പറഞ്ഞു. ഒരു സമര സമയത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ കാശില്ല എന്ന് പോലും പറഞ്ഞ് പണം വാങ്ങി.
ഫെനിയോട് കാര്യങ്ങൾ പറഞ്ഞത് അറിഞ്ഞ രാഹുൽ പിന്നെയും അധിക്ഷേപിച്ചു. പാലക്കാട് ഇലക്ഷൻ സമയത്താണ് ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞ് രാഹുൽ വീണ്ടും വരുന്നത്. 2025 ആഗസ്റ്റിൽ രാഹുലിനെതിരായ വാർത്തകൾ കണ്ട് ഒരു വ്യക്തത വേണം എന്നാവശ്യപ്പെട്ട് രാഹുലിനെ വിളിച്ചു. അടൂരിലേക്ക് വരരുതെന്നും പാലക്കാട്ടേക്ക് ചെല്ലാനും രാഹുലാണ് ആവശ്യപ്പെട്ടത്. പക്ഷേ പിന്നെ രാഹുൽ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചു.
കാണണമെങ്കിൽ ഫെനിയുമായി ബന്ധപ്പെടാൻ പറഞ്ഞു. പേഴ്‌സണൽ കാര്യങ്ങൾ സംസാരിക്കാൻ ഉള്ളതിനാൽ ആളുകൾ ഇല്ലാത്ത സുരക്ഷിതമായ സ്ഥലം വേണമെന്ന് പറഞ്ഞു. രാവിലെ മുതൽ രാത്രി വരെ തങ്ങളെ രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു. ഒരു ദിവസം മുഴുവൻ കഴിഞ്ഞിട്ടും രാഹുൽ കാണാൻ കൂട്ടാക്കിയില്ല.'
കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട സംഭാഷണത്തിന്റെ ഏതാനും ഭാഗങ്ങൾ ആണ് പുറത്തുവന്നതെന്നും ഒരു ക്ലോഷറിനായി വിശദമായി സംസാരിക്കാനാണ് മൂന്നാല് മണിക്കൂർ സമയം വേണമെന്ന് പറഞ്ഞതെന്നും അതിജീവിത വ്യക്തമാക്കി. പരാതി നേരത്തെ കൊടുത്തിരുന്നുവെങ്കിൽ മറ്റു രണ്ട് പെൺകുട്ടികൾക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നുവെന്നും താൻ ഇതൊന്നും കണ്ടു പേടിക്കില്ലെന്ന് ഫെനിയോട് സ്നേഹത്തോടെ പറയുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.