< Back
Kerala
Survivors statement being recorded FIR to be registered soon in Complaint against Rahul Mamkootathil
Kerala

രാഹുലിനെതിരായ പരാതി: അതിജീവിതയുടെ മൊഴിയെടുത്തു; ഉടൻ കേസെടുക്കും

Web Desk
|
27 Nov 2025 10:48 PM IST

പരാതിയുടെയും മൊഴിയുടേയും അടിസ്ഥാനത്തിലായിരിക്കും ഏതെല്ലാം വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെെതിരായ പരാതിയിൽ അന്വേഷണ സംഘം അതിജീവിതയുടെ മൊഴിയെടുത്തു. തിരുവനന്തപുരം റൂറൽ എസ്പി കെ.എസ് സുദർശനാണ് അന്വേഷണച്ചുമതല. എസ്പിയും സംഘവുമാണ് യുവതിയുടെ മൊഴിയെടുത്തത്. പരാതിയുടെയും മൊഴിയുടേയും അടിസ്ഥാനത്തിലായിരിക്കും ഏതെല്ലാം വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

രാഹുലിനെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വൈകാതെ തന്നെ അറസ്റ്റിലേക്കും കടന്നേക്കും. നേരത്തെ രജിസ്റ്റർ ചെയ്ത എഫ്ഐആറിന് പുറമെയാണ് മറ്റൊരു എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്യാനൊരുങ്ങുന്നത്.

വനിതാ ഉദ്യോഗസ്ഥരെയടക്കം ഉൾപ്പെടുത്തി അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ നാളെ അപേക്ഷ നൽകും.

രഹസ്യമൊഴി നൽകാൻ തയാറാണെന്ന് അതിജീവിത വ്യക്തമാക്കിയിട്ടുണ്ട്. വൈകീട്ട് 3.30ഓടെ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് അതിജീവിത ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം പരാതി കൈമാറിയത്. ഇത് അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

പരാതിയുടെ ​ഗൗരവം പരി​ഗണിച്ചാണ് ഉടൻ തന്നെ മൊഴിയെടുക്കാൻ തീരുമാനിച്ചത്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

പാലക്കാട്ടെ എംഎൽഎ ഓഫീസ് അടഞ്ഞുകിടക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെയും പേഴ്‌സണൽ സ്റ്റാഫിന്റേയും ഫോൺ സ്വിച്ച് ഓഫാണ്. അതേസമയം, മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നീക്കം.



Similar Posts