< Back
Kerala
വ്യാജ തെളിവുകളുണ്ടാക്കാൻ ശ്രമം; കസ്റ്റഡി ചോദ്യം ചെയ്‌ത് നരബലിക്കേസ് പ്രതികൾ ഹൈക്കോടതിയിൽ
Kerala

വ്യാജ തെളിവുകളുണ്ടാക്കാൻ ശ്രമം; കസ്റ്റഡി ചോദ്യം ചെയ്‌ത് നരബലിക്കേസ് പ്രതികൾ ഹൈക്കോടതിയിൽ

Web Desk
|
20 Oct 2022 9:42 PM IST

വസ്തുതകൾ പരിശോധിക്കാതെയാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടതെന്നും ഹരജിയിൽ ആരോപിക്കുന്നു

കൊച്ചി: പന്ത്രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത നരബലിക്കേസിലെ മൂന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. വ്യാജ തെളിവുണ്ടാക്കാനാണ് ഇത്രയും നീണ്ട ദിവസം തെളിവെടുപ്പിന്റെയും മറ്റും പേരിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നതെന്ന് ആരോപിച്ചാണ് ഒന്നാം പ്രതി ഷാഫി, രണ്ടാം പ്രതി ഭഗവൽ സിങ്, മൂന്നാം പ്രതി ലൈല എന്നിവർ ഹരജി നൽകിയിരിക്കുന്നത്.

അന്വേഷണസംഘം നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വസ്തുതകൾ പരിശോധിക്കാതെയാണ് കോടതി പ്രോസിക്യൂഷൻ ചോദിച്ച അത്രയും ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടതെന്നും ഹരജിയിൽ ആരോപിക്കുന്നു.

അതേസമയം, കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യപ്രതി ഷാഫിയുടെ കൊച്ചിയിലെ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം ഷാഫി കൊച്ചിയിലേക്ക് കൊണ്ടുവന്നെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞ ജൂൺ ആദ്യ ആഴ്ചയിലും സെപ്റ്റംബർ അവസാന ആഴ്ചയിലുമാണ് കൊലപാതം നടത്തിയത്. രണ്ടു തവണയും കൊല്ലപ്പെട്ട സ്ത്രീകളുടെ മാംസം ഷാഫി കൊച്ചിയിലേക്ക് കൊണ്ടുവന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഷേണായീസ് തിയറ്ററിനു സമീപം ഷാഫി വാടകയ്ക്ക് എടുത്തു നടത്തുന്ന ഹോട്ടലിലായിരുന്നു പരിശോധന. ഇവിടെ നിന്ന് പാത്രങ്ങൾ, കത്തി, മരത്തടി, സ്പൂൺ എന്നിവ അന്വേഷണ സംഘം ശേഖരിച്ചു.

ഇന്നലെ പത്മത്തിന്റെ മൊബൈൽ ഫോൺ, പാദസരം എന്നിവയ്ക്കായി പ്രതികളേയും കൊണ്ട് തെളിവെടുപ്പ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഭഗവൽ സിങിന്റെ വീട്ടിൽ നിന്ന് കത്തിയും, പത്മത്തെ കെട്ടിയിടാൻ ഉപയോഗിച്ച കയറും പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം പദ്മത്തിന്റെ മൊബൈൽ ഫോൺ വീടിന് സമീപത്തെ തോട്ടിൽ ഉപേക്ഷിച്ചു എന്നായിരുന്നു ഭഗവൽ സിങിന്റെ മൊഴി. ഇത് കണ്ടെത്താനാണ് പ്രതികളെ ഇലന്തൂരിൽ കൊണ്ട് വന്ന് പരിശോധന നടത്തിയത്. ഭഗവൽ സിംഗ് കാട്ടിയ സ്ഥലത്ത് രണ്ട് മണിക്കൂറിലേ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും, ഷാഫി നടത്തിയ ചാറ്റുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. അതിനാൽ ഈ തെളിവുകൾ നിർണായകമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.പദ്മത്തിന്റെ കൊലുസ്സ് കണ്ടെത്തുന്നതിനായി മുഖ്യപ്രതി ഷാഫിയുമായി ആലപ്പുഴ രാമങ്കരിയിലും അന്വേഷണ സംഘം പരിശോധന നടത്തി. എ സി റോഡിൽ രാമങ്കരി പള്ളിക്കൂട്ടുമ്മയിലെ തോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ചെങ്ങന്നൂരിലെത്തിച്ചും ഷാഫിയുമായി തെളിവെടുപ്പ് നടത്തി.തെരച്ചിൽ വിഫലമായതോടെ അന്വേഷണ സംഘം പ്രതികളേയും കൊണ്ട് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു.

Related Tags :
Similar Posts