
സമാജത്തിൻ്റെ അഭിവൃദ്ധിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മഹാ ചിന്തകനാണ് സി. രവിചന്ദ്രനെന്ന് സ്വാമി ചിദാനന്ദപുരി
|''വര്‍ത്തമാനകാലത്ത് സമാജത്തിന്റെ ഉത്കര്‍ഷത്തിനുതകുന്ന ഒരുപാട് ചിന്തകളെ പങ്കുവെക്കുന്ന ഒരു വലിയ ചിന്തകനാണ് രവിചന്ദ്രന്‍''
കോഴിക്കോട്: സമാജത്തിൻ്റെ അഭിവൃദ്ധിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മഹാ ചിന്തകനാണ് നവനാസ്തിക സംഘടനാ നേതാവ് സി.രവിചന്ദ്രനെന്ന് സംഘ്പരിവാർ അനുകൂല സന്യാസി സ്വാമി ചിദാനന്ദപുരി.
അദ്ദേഹം വളരെ നല്ല, യുക്തിഭദ്രമായി, ഇന്നത്തെ വര്‍ത്തമാനകാലത്ത് സമാജത്തിന്റെ ഉത്കര്‍ഷത്തിനുതകുന്ന ഒരുപാട് ചിന്തകളെ പങ്കുവെക്കുന്ന ഒരു വലിയ ചിന്തകന്‍ തന്നെയാണെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. ആ വിഷയത്തില്‍ അദ്ദേഹത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ഏത് ദുരാചാരങ്ങളെ അദ്ദേഹം എതിര്‍ക്കുന്നുണ്ടോ, അതിനെ നമ്മളും എതിര്‍ക്കും, പക്ഷേ സനാതന ധര്‍മശാസ്ത്രങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന് പ്രാമാണികമായ അവബോധം ഉണ്ടോ എന്നത് അന്വേഷിക്കപ്പെടേണ്ടതാണെന്നും ചിദാനന്ദപുരി പറഞ്ഞു.
ഭഗവദ്ഗീത ജാതീയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ചിദാനന്ദപുരി. അദ്വൈതാശ്രമം എന്ന യൂട്യൂബ് വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഭഗവദ്ഗീതയിൽ ഒരിടത്തുപോലും ജാതിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരാമർശങ്ങളില്ല. ജാതി, കുലം തുടങ്ങിയ പദങ്ങൾ ഭഗവാന്റെ ഉപദേശങ്ങളിൽ ഒരിടത്തും കാണാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഗീതോപദേശത്തിന് മുൻപ്, വിഷാദാവസ്ഥയിലായിരുന്ന അർജുനനാണ് ജാതിയെക്കുറിച്ചും കുലധർമ്മം നശിക്കുന്നതിനെക്കുറിച്ചും വ്യാകുലപ്പെടുന്നത്. എന്നാൽ അർജുനന്റെ ഈ വാദങ്ങളെ ഭഗവാൻ നിശിതമായി വിമർശിക്കുകയും തള്ളിക്കളയുകയുമാണ് ചെയ്തതെന്നും സ്വാമി ചിദാനന്ദപുരി പറയുന്നു.
അതേസമയം യുക്തിവാദികളെ പിന്തുണക്കണമെന്ന് മുമ്പ് ഒരു ബിജെപി നേതാവും പ്രസംഗിച്ചിരുന്നു.