< Back
Kerala
ഗൂഢാലോചനാ കേസില്‍ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും പ്രതിചേർത്തേക്കും
Kerala

ഗൂഢാലോചനാ കേസില്‍ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും പ്രതിചേർത്തേക്കും

Web Desk
|
11 Jun 2022 8:02 AM IST

ഇരുവർക്കും സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നീക്കം.

ഗൂഢാലോചനാ കേസില്‍ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും പ്രതിചേർത്തേക്കും. അന്വേഷണ സംഘം നിയമ പരിശോധന ആരംഭിച്ചു. ഇരുവർക്കും സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നീക്കം.

തട്ടിക്കൊണ്ടുപോയ സരിത്തിനെ വിജിലൻസ് വിട്ടയക്കുമെന്ന് ഷാജ് കിരൺ ആണ് തന്നോട് പറഞ്ഞതെന്ന് സ്വപ്ന സുരേഷ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഷാജ് കിരണിനെ വർഷങ്ങളായി അറിയാം. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. പരിചയം പുതുക്കിയത് ശിവശങ്കറിന്‍റെ പുസ്തകമിറങ്ങിയ ശേഷമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

ഷാജ് കിരണുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും നിവൃത്തിയില്ലാതെയാണ് ഷാജിന്‍റെ സംഭാഷണം റെക്കോർഡ് ചെയ്തതെന്നും ശബ്ദരേഖ പുറത്തുവിടുന്നതിനുമുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്വപ്ന പറഞ്ഞു. ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തയതായും സ്വപ്ന ആരോപിച്ചു. ആരോടാണ് കളിച്ചത് എന്നറിയാമല്ലോയെന്ന് ഷാജ് കിരൺ ചോദിച്ചു. അഡ്വ. കൃഷ്ണരാജാണ് തന്‍റെ രക്ഷകനെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.

അതേസമയം അഭിഭാഷകനും, എച്ച്.ആർ.ഡി.എസും പറഞ്ഞത് പ്രകാരമാണ് രഹസ്യമൊഴി നൽകിയതെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ടെന്ന് ഷാജ് കിരൺ മീഡിയാവൺ സ്‌പെഷ്യൽ എഡിഷനിൽ പറഞ്ഞിരുന്നു.

ഷാജ് കിരണ്‍ എന്നയാള്‍ പാലക്കാടെത്തി തന്നെ കണ്ട് രഹസ്യമൊഴി പിന്‍വലിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു സ്വപ്ന ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും സമ്മര്‍ദം കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതെന്ന് വീഡിയോയില്‍ ചിത്രീകരിച്ച് നല്‍കണമെന്ന് ഷാജ് കിരണ്‍ ആവശ്യപ്പെട്ടതായും സ്വപ്ന പറഞ്ഞിരുന്നു. വീഡിയോ മുഖ്യമന്ത്രിക്ക് കൈമാറാനുള്ളതാണെന്നും അറിയിച്ചെന്നും സ്വപ്ന സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ഇതിനുതൊട്ടുപിന്നാലെ സ്വപ്നയുടെ ആരോപണം നിഷേധിച്ച് ഷാജ് കിരണ്‍ രംഗത്തെത്തി.


Similar Posts