< Back
Kerala
ജനപ്പെരുപ്പം മത വിഷയമല്ല; നിർണയിക്കുന്നത് സാമൂഹ്യ ഘടകങ്ങൾ: എസ്.വൈ ഖുറേശി

SY Quraishi Book release | Photo | Mediaone

Kerala

ജനപ്പെരുപ്പം മത വിഷയമല്ല; നിർണയിക്കുന്നത് സാമൂഹ്യ ഘടകങ്ങൾ: എസ്.വൈ ഖുറേശി

Web Desk
|
28 Sept 2025 10:45 PM IST

കുടുംബാസൂത്രണത്തിൻറെ കാര്യത്തിൽ ഇസ്‌ലാം മുമ്പേ നടന്നവരാണെന്നും തികച്ചും അടിസ്ഥാനരഹിതമായ പ്രചാണങ്ങളാണ് രാജ്യത്ത് മുസ്‌ലിം ജനസംഖ്യയുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും എസ്.വൈ ഖുറേശി പറഞ്ഞു

കൊച്ചി: ജനസംഖ്യാ വർധനവിനെ സ്വാധീനിക്കുന്നത് സാക്ഷരത, വരുമാനം, കുടുംബാസൂത്രണ വിജ്ഞാനം തുടങ്ങിയ ഘടകങ്ങളാണെന്നും അല്ലാതെ ഇതൊരു ഹിന്ദു- മുസ്‌ലിം വിഷയമല്ലെന്നും ഇന്ത്യയുടെ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ ഖുറൈശി പറഞ്ഞു. എസ്.വൈ ഖുറേശി രചിച്ച 'ദി പോപുലേഷൻ മിത്ത്' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായി മാധ്യമം ബുക്സ് പ്രസിദ്ധീകരിച്ച ജനപ്പെരുപ്പം എന്ന മിഥ്യയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരത വർധിക്കുമ്പോൾ ആകെ പ്രത്യുൽപാദന നിരക്ക് കുറയുന്നു, വരുമാനം വർധിക്കുമ്പോഴും പ്രത്യുൽപാദന നിരക്ക് കുറയും. മുസ്​ലിംകൾ നാലു പേരെ കല്യാണം കഴിക്കുകയും എല്ലാം കൂടെ 25 മക്കളുണ്ടാവുകയും ചെയ്യുന്നു എന്നു പറഞ്ഞു നടക്കുന്നത് മനുഷ്യരിൽ വിഷം നിറക്കുന്ന പ്രചരണമാണ്.

ഇസ്​ലാം ബഹുഭാര്യത്വം പ്രോത്സാഹിപ്പിക്കുന്നു എന്നത് മിഥ്യാബോധമാണ്. ഇസ്​ലാമിൽ രണ്ട് പ്രധാന നിബന്ധനകൾ വെച്ചാണ് ഒന്നിലധികം വിവാഹം ചെയ്യാനനുവദിക്കുകയുള്ളൂ. തൻറെ പുസ്തകം മൂന്നു വർഷം മുമ്പ് ആർഎസ്എസ് സർസംഘ ചാലക് മോഹൻ ‍ഭാഗവതിന് കൈമാറിയപ്പോൾ ഇതേക്കുറിച്ചെല്ലാം വ്യക്തമാക്കിയിരുന്നു. കുടുംബാസൂത്രണത്തിൻറെ കാര്യത്തിൽ ഇസ്​ലാം മുമ്പേ നടന്നവരാണെന്നും തികച്ചും അടിസ്ഥാനരഹിതമായ പ്രചരണങ്ങളാണ് രാജ്യത്ത് മുസ്ലിം ജനസംഖ്യയുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.എം ഇബ്രാഹീം, ആർ.കെ. ബിജുരാജ് എന്നിവരാണ് പുസ്തകം മൊഴിമാറ്റിയത്. കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ മാധ്യമം ചീഫ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കടുത്ത മുൻവിധികളോടെയുള്ള വ്യാജപ്രചാരണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എന്താണ് യാഥാർഥ്യം എന്ന് കൃത്യമായി പറയുന്ന പുസ്തകമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക സമുദായം ഈ രാജ്യം പിടിച്ചടക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രഥമദൃഷ്ട്യാ അസത്യമാണെന്ന് മനസിലാകുന്ന പ്രചരണങ്ങളാണ് എല്ലാം. സാധാരണക്കാരല്ല, ബൗദ്ധിക നിലവാരത്തിലുള്ളവരും ഉന്നത സ്ഥാനത്തിരിക്കുന്നവരുമെല്ലാം ഇതിന് ചുക്കാൻ പിടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനപ്പെരുപ്പമെന്നത് വെല്ലുവിളിയല്ലെന്നും യഥാർഥത്തിൽ അതൊരു മാനവ വിഭവശേഷിയാണെന്നും ഡോ. ഗൾഫാർ പി. മുഹമ്മദലി ചൂണ്ടിക്കാട്ടി. ഡോ. സെബാസ്റ്റ്യൻ പോൾ, അഡ്വ. ഹാരിസ് ബീരാൻ എം.പി സംസാരിച്ചു. മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം സ്വാഗതവും കൊച്ചി യൂണിറ്റ് റെസിഡൻറ് എഡിറ്റർ എം.കെ.എം. ജാഫർ നന്ദിയും പറഞ്ഞു.

Similar Posts