
റൂമിന്റെ താക്കോൽ മോഷ്ടിച്ചുവെന്ന് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആരോപണം; കേരള സർവകലാശാലയിൽ പരസ്പരം തമ്മിലടിച്ച് സിൻഡിക്കേറ്റും വിസിയും
|ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ വിസിയുടെ നിർദേശപ്രകാരം രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ പൊലീസിലും പരാതി നൽകി
തിരുവനന്തപുരം: കേരള സർവകലാശാലയിൽ പരസ്പരം തമ്മിലടിച്ച് സിൻഡിക്കേറ്റും വൈസ് ചാൻസിലറും. സിൻഡിക്കേറ്റ് റൂമിന്റെ താക്കോൽ മോഷ്ടിച്ചുവെന്ന് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആരോപണം. ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ വിസിയുടെ നിർദേശപ്രകാരം രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ പൊലീസിലും പരാതി നൽകി.
നാണംകെട്ട അധികാര തർക്കമാണ് കേരള സർവകലാശാലയിൽ നടക്കുന്നത്. സിൻഡിക്കേറ്റ് റൂമിന്റെ താക്കോൽ പോലും ഊരി കൊണ്ടുപോകുന്ന നിലയിലേക്ക് അധികാര തർക്കം ജീർണിക്കുന്നു. കോടതി കയറിയതിന് പിന്നാലെ ക്രിമിനൽ കേസുകളിലേക്ക് മാറുകയാണ് വിസി-സിൻഡിക്കേറ്റ് പോര്.
സെക്യൂരിറ്റി ഓഫീസറുടെ പതിവ് പരിശോധനയിലാണ് താക്കോൽ കാണാതായത്. രജിസ്ട്രാറുടെ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സുപ്രധാന ഫയലുകൾ മാറ്റാനാണ് നീക്കമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു. അതിനിടെയാണ് അധികാര തർക്കം ക്രിമിനൽ കേസായി മാറുന്നത്.
ഇടത് അംഗങ്ങളായ ജി. മുരളീധരൻ, ഷിജു ഖാൻ എന്നിവർക്കെതിരെ മോഹനൻ കുന്നുമ്മൽ രജിസ്ട്രാർ ഇൻ ചാർജ് ആയി നിയമിച്ച മിനി കാപ്പൻ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് റൂമിൽ അനധികൃതമായി പ്രവേശിച്ചു എന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തി എന്നും ആരോപിച്ചാണ് പരാതി. നേരത്തെ രജിസ്ട്രാർ കെ.എസ് അനിൽകുമാറും ഇടതു സിൻഡിക്കേറ്റ് അംഗങ്ങളും പങ്കെടുത്തു എന്ന് ആരോപിച്ച് ഓൺലൈനായി ചേർന്ന യോഗത്തിൽ നിന്ന് വിസി മോഹനൻ കുന്നുമ്മൽ ഇറങ്ങിപ്പോയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ അടിപിടി.