
'അച്ചടക്ക നടപടി നേരിടുന്ന വൈദികരെ യോഗത്തിൽ പങ്കെടുപ്പിക്കരുത്'; എറണാകുളം- അങ്കമാലി അതിരൂപത ആസ്ഥാനത്ത് സിനഡ് അനുകൂലികളുടെ പ്രതിഷേധം
|യോഗത്തിന് എത്തിയ വൈദികരെ പ്രതിഷേധക്കാർ തടഞ്ഞു
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദിക സമിതി യോഗത്തിനിടെ സിനഡ് അനുകൂലികളുടെ പ്രതിഷേധം. അച്ചടക്ക നടപടി നേരിടുന്ന വൈദികരെ യോഗത്തിൽ പങ്കെടുപ്പിക്കരുതെന്നും ഏകീകൃത കുർബാന നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. യോഗത്തിന് എത്തിയ വൈദികരെ പ്രതിഷേധക്കാർ തടഞ്ഞു.
എറണാകുളം അങ്കമാലി അതിരൂപത കത്തീഡ്രൽ ബസിലിക്കയിലെ വികാരി ഫാദർ വർഗീസ് മണവാളൻ അടക്കമുള്ള വൈദികരെ നീക്കാന്‍ ഇന്നലെ സഭാ കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വൈദിക സമിതി യോഗത്തില്‍ നടപടി നേരിട്ടവരെ പങ്കെടുപ്പിക്കരുത് എന്ന ആവശ്യവുമായി സിനഡ് അനുകൂലികള്‍ രംഗത്തെത്തിയത്.
ജോസഫ് പാംപ്ലാനി അടക്കമുള്ള വൈദികർക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ യോഗത്തിനെത്തിയ വൈദികരെ ബിഷപ്പ് ഹൗസിന് മുന്നില്‍ തടഞ്ഞു. കുർബാന തർക്കത്തിൽ സമവായമുണ്ടാക്കാത്ത മെത്രാപ്പോലീത്തൻ വികാരിയെ നീക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപെട്ടു.
പ്രതിഷേധം കനത്തതോടെ പൊലീസ് എത്തി വിശ്വാസികളെ അറസ്റ്റ് ചെയ്തുനീക്കി. തുടർന്ന് വൈദിക സമിതി യോഗം ആരംഭിച്ചു. വർഗീസ് മണവാളനെ പുറത്താക്കിയതിനെതിരെ പ്രതിഷേധ പരിപാടികള്‍ ആലോചിക്കാനായി എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം യോഗം കലൂരില്‍ യോഗം ചേരുന്നുണ്ട്.