< Back
Kerala
കുർബാന ഏകീകരണത്തെ ചൊല്ലിയുളള തർക്കങ്ങൾക്കിടെ സിറോ മലബാർ സഭ സിനഡ്  ഇന്ന് കൊച്ചിയില്‍
Kerala

കുർബാന ഏകീകരണത്തെ ചൊല്ലിയുളള തർക്കങ്ങൾക്കിടെ സിറോ മലബാർ സഭ സിനഡ് ഇന്ന് കൊച്ചിയില്‍

Web Desk
|
16 Aug 2022 7:15 AM IST

ബഫർ സോൺ വിഷയത്തിൽ സഭ സ്വീകരിക്കേണ്ട നിലപാടുകളും സിനഡിൽ ചർച്ചയാകും

കൊച്ചി: കുർബാന ഏകീകരണത്തെ ചൊല്ലിയുളള തർക്കങ്ങൾക്കിടെ സിറോ മലബാർ സഭയുടെ സിനഡ് സമ്മേളനം ഇന്ന് കൊച്ചിയിൽ തുടങ്ങും. ബഫർ സോൺ വിഷയത്തിൽ സഭ സ്വീകരിക്കേണ്ട നിലപാടുകളും സിനഡിൽ ചർച്ചയാകും.

മുപ്പതാമത് സിനഡിന്‍റെ രണ്ടാം പാദ സമ്മേളനമാണ് നാളെ മുതല്‍ നടക്കുന്നത്. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന സിനഡില്‍ 61 ബിഷപ്പുമാർ പങ്കെടുക്കും. അജണ്ടയിലില്ലെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന ഏകീകരണത്തിലുളള ഭിന്നതകള്‍ സിനഡ് ചർച്ച ചെയ്യും. സിനഡ് തീരുമാനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ബിഷപ്പ് ആന്‍റണി കരിയിലിനെ അതിരൂപതാ ചുമതലയില്‍ നിന്ന് വത്തിക്കാൻ നേരിട്ട് പുറത്താക്കിയിരുന്നു. പകരം ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന് അതിരൂപതയുടെ ചുമതല നല്‍കുകയും ചെയ്തു. സിനഡിന്‍റെ വാശി പ്രശ്നം രൂക്ഷമാക്കിയെന്നാണ് ആന്‍റണി കരിയിലിന്‍റെയും വിമത വിഭാഗത്തിന്‍റെയും നിലപാട്. കഴിഞ്ഞ ദിവസം ആന്‍ഡ്രൂസ് താഴത്തിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ വിമത വിഭാഗത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

എന്നാല്‍ ജനാഭിമുഖ കുര്‍ബാന തുടരുന്നതില്‍ ഒരു വിട്ടുവീഴ്ചക്കുമില്ലെന്നാണ് ഇവര്‍ പറയുന്നത്. ഈ സാഹചര്യം സിനഡ് ചർച്ച ചെയ്യും. കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾ,ബഫര്‍ സോണ്‍ ഉള്‍പ്പടെയുളള ചർച്ചകളും സിനഡിൽ ഉണ്ടാകും.



Similar Posts