< Back
Kerala
കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; തമന്നയെയും കാജല്‍ അഗര്‍വാളിനെയും ചോദ്യം ചെയ്യാന്‍ നീക്കം
Kerala

കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; തമന്നയെയും കാജല്‍ അഗര്‍വാളിനെയും ചോദ്യം ചെയ്യാന്‍ നീക്കം

Web Desk
|
28 Feb 2025 2:46 PM IST

2022-ല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായി ആരംഭിച്ച ക്രിപ്റ്റോകറന്‍സി കമ്പനിക്കെതിരേയാണ് കേസ്

ന്യൂഡല്‍ഹി: കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യാൻ നീക്കം. 60 കോടിയുടെ തട്ടിപ്പ് കേസിലാണ് പുതുച്ചേരി പൊലീസിന്റെ നടപടി. ഉയര്‍ന്ന വരുമാനം വാഗ്ദാനംചെയ്ത് പണംതട്ടിയെന്ന് ആരോപിച്ച് വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കേസിൽ രണ്ട് പേർ അറസ്റ്റിൽ ആയിട്ടുണ്ട്.

2022-ല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായി ആരംഭിച്ച ക്രിപ്റ്റോകറന്‍സി കമ്പനിക്കെതിരേയാണ് കേസ്. കമ്പനിയുടെ ഉദ്‌ഘാടന ചടങ്ങിൽ നടി തമന്ന അടക്കമുള്ള സെലിബ്രിറ്റികള്‍ അതിഥികളായി പങ്കെടുത്തിരുന്നു. മഹാബലിപുരത്തെ ഒരു ഹോട്ടലില്‍ നടന്ന പരിപാടിയില്‍ നടി കാജല്‍ അഗര്‍വാളും പങ്കെടുത്തിരുന്നു. പിന്നീട് കമ്പനി മുംബൈയിലെ ഒരു ക്രൂയിസ് കപ്പലില്‍ പാര്‍ട്ടി നടത്തിയിരുന്നു. വൻ തോതിൽ നിക്ഷേപകരെ ആകർഷിക്കാൻ ആയിരുന്നു ഈ പാർട്ടി.

പ്രതിഫലം വാങ്ങി പരിപാടികളില്‍ പങ്കെടുത്തതിന് അപ്പുറം, കമ്പനിയില്‍ നടിമാർക്ക് പങ്കാളിത്തം ഉണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. നിതീഷ് ജെയിന്‍, അരവിന്ദ് കുമാര്‍ എന്നിവരാണ് നിലവിൽ കേസിൽ അറസ്റ്റിലായത്.

ഓണ്‍ലൈന്‍ പരസ്യം കണ്ടാണ് താന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചതെന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥന്റെ പരാതിയിൽ പറയുന്നു. വിരമിച്ചപ്പോൾ ലഭിച്ച പണം അടക്കം ഒരു കോടി നിക്ഷേപിച്ചിട്ടുണ്ട്. പത്ത് സുഹൃത്തുക്കളെ കൊണ്ട് 2.4 കോടി കമ്പനിയില്‍ നിക്ഷേപിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു. നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാനായി തുടക്കത്തില്‍ ആഡംബര കാറുകള്‍ സമ്മാനമായി നല്‍കിയിരുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹി, ഒഡീഷ, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കമ്പനിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പുതുച്ചേരി സൈബര്‍ ക്രൈം എസ്പി ഡോ. ഭാസ്‌കരന്‍ പറഞ്ഞു.

Similar Posts