< Back
Kerala
താനൂർ കസ്റ്റഡി മരണം: സി.ബി.ഐ സംഘം പൊലീസ് ക്വട്ടേഴ്‌സിൽ പരിശോധന നടത്തി
Kerala

താനൂർ കസ്റ്റഡി മരണം: സി.ബി.ഐ സംഘം പൊലീസ് ക്വട്ടേഴ്‌സിൽ പരിശോധന നടത്തി

Web Desk
|
21 Sept 2023 5:15 PM IST

താമിർ ജിഫ്രി കൊല്ലപെട്ട പൊലീസ് ക്വാർട്ടേഴ്‌സിലാണ് പരിശോധന നടത്തിയത്

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ സി.ബി.ഐ സംഘം പൊലീസ് ക്വട്ടേഴ്‌സിൽ പരിശോധന നടത്തി. താമിർ ജിഫ്രി കൊല്ലപെട്ട പൊലീസ് ക്വാർട്ടേഴ്‌സിലാണ് പരിശോധന നടത്തിയത്. താനൂർ പൊലീസ് സ്റ്റേഷനിലും വിശ്രമമുറിയിലും സി.ബി.ഐ സംഘം പരിശോധനനടത്തും.

സി.ബി.ഐ സംഘം പൊലീസ് ക്വാട്ടേഴ്‌സിൽ പരിശോധന നടത്തി സീൽ ചെയ്തു. സി.ബി.ഐ ഡി.വൈ.എസ്.പിയും മറ്റ് രണ്ട് ഉദ്യോഗസ്ഥരും നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയും ഉൾപ്പെടെയുള്ള സംഘമാണ് പരിശോധന നടത്തിയത്. താനൂരിലെ ക്വാട്ടേഴ്‌സിലേക്കാണ് താമിർ ജിഫ്രിയെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പതിനൊന്ന് പേരെയും കൊണ്ടു വന്നത്. ഇവിടെ വെച്ചാണ് താമിർ ജിഫ്രിയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.

ഇന്ന് രാവിലെ 11 മണിയോട് കൂടി സംഘം ചേളാരി ക്വാട്ടേഴ്‌സിലെത്തി പരിശോധന നടത്തിയിരുന്നു. ചേളാരിയിലെ ക്വാട്ടേഴ്‌സിൽ നിന്നാണ് ഡാൻസാഫ് ഉദ്യോഗസ്ഥർ താമിർ ജിഫ്രിയെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ മലപ്പുറത്തെത്തിയ സി.ബി.ഐ സംഘം താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രിയുടെ മൊഴിയെടുത്തിരുന്നു. ഇനിയുള്ള ദിവസങ്ങളിൽ സംഘം താമിറിന്റെ കൂടെ പിടിയിലായവരുടെയടക്കം കേസിലെ മറ്റു സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും.

Similar Posts