
' മാഷേ ടൂറിന് പോകാൻ കയ്യിൽ പൈസയില്ല'; അതിനെന്താ നമുക്ക് ഒരുമിച്ച് പോകാമല്ലോ: 15 വര്‍ഷമായി വിദ്യാര്‍ഥികൾക്കായി സൗജന്യ ഉല്ലാസ യാത്ര ഒരുക്കി അധ്യാപകൻ
|2008 ൽ തുടങ്ങിയതാണ് കുട്ടികളുമായുള്ള ഈ സൗജന്യ യാത്ര. അതിനൊരു കാരണവും ഉണ്ട്.
മലപ്പുറം: താൻ പഠിപ്പിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ ഉല്ലാസയാത്രയൊരുക്കി അധ്യാപകൻ. മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് മാനവേദൻ യുപി സ്കൂളിലെ ഉർദു അധ്യാപകനായ പി.സി ഷെരീഫാണ് തന്‍റെ വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഒരുക്കിയത്. കഴിഞ്ഞ 15 വർഷമായി ഇദ്ദേഹം വിദ്യാർഥികൾക്കായി ഉല്ലാസ യാത്ര ഒരുക്കുന്നു.
മാനവേദൻ യുപി സ്കൂളിലെ വിദ്യാർഥികളുടെ സ്വപ്നങ്ങൾക്ക് നിറം നൽകുകയാണ് അവരുടെ പ്രിയപ്പെട്ട ഷെരീഫ് മാഷ്. 2008 ൽ തുടങ്ങിയതാണ് കുട്ടികളുമായുള്ള ഈ സൗജന്യ യാത്ര. അതിനൊരു കാരണവും ഉണ്ട്.
''2008 ൽ ഞാനൊരു ക്ലാസിൽ കയറി കുട്ടികളോട് ചോദിച്ചു.. സ്കൂളിൽനിന്ന് ടൂർ പോയ സമയത്ത് ഞാൻ ചോദിച്ചു എന്താണ് മക്കളെ സ്കൂളിൽനിന്ന് ടൂർ പോകാതിരിക്കാൻ ഉള്ള കാരണം എന്ന് ചോദിച്ചു. അപ്പൊ അവര് പറഞ്ഞു മാഷേ ഞങ്ങളുടെ കയ്യിൽ പൈസയില്ല, 500 രൂപയും ആയിരം രൂപയും എടുക്കാൻ ഇല്ല. അത് അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഞാൻ അവരോട് പറഞ്ഞു നിങ്ങൾക്ക് ആഗ്രഹമുണ്ടോ എന്ന് ചോദിച്ചു നല്ല ആഗ്രഹമുണ്ട്. മാഷേ ഞങ്ങൾക്ക് പോകാൻ സാമ്പത്തികത്തിന്‍റെ ബുദ്ധിമുട്ടാണ് വീട്ടിൽ പറയുമ്പോൾ കൂലിപ്പണിക്ക് പോകുന്നവരും അതുപോലെ വീട്ടിലും വളരെ പ്രയാസമുള്ള ആളുകളാണ് അപ്പോ അവർക്ക് ബുദ്ധിമുട്ട് ആയതുകൊണ്ട് ആണ് ഞങ്ങൾ പോകാത്തത് എന്ന് പറഞ്ഞു.
5,6,7 ക്ലാസുകളിൽ നിന്നായി 87 കുട്ടികളാണ് ഈ വർഷം യാത്രയുടെ ഭാഗമായത്. സ്വന്തം വരുമാനത്തിൽ നിന്ന് ഒരു വിഹിതം മാറ്റിവെച്ചാണ് ഇദ്ദേഹം ഓരോ വർഷവും കുട്ടികൾക്കായി യാത്ര ഒരുക്കുന്നത്. തൃപ്പൂണിത്തറ ഹിൽ പാലസ്, കൊച്ചി മെട്രോ, കോഴിക്കോട് പ്ലാനിറ്റോറിയം, ബേപ്പൂർ, കാപ്പാട്, അതിരപ്പള്ളി, വാഴച്ചാൽ, തൃശൂർ, മലമ്പുഴ ഫാൻ്റസി പാർക്ക്, തുടങ്ങി ഓരോ വർഷവും വ്യത്യസ്തമായ സ്ഥലങ്ങളിലേക്ക്.......ഇത്തവണ കക്കാടം പോയി ലേക്ക് ആയിരുന്നു യാത്ര..
അരീക്കോട് സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി സ്കൂളിൽ ജോലി ചെയ്യുന്നു. അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവർ എല്ലാ പിന്തുണയുമായി കൂടെയുണ്ട്. ഏതായാലും ഷെരീഫ് മാഷും കുട്ടികളും ഏറെ സന്തോഷത്തിലാണ്.