< Back
Kerala
കുന്നിടിഞ്ഞപ്പോള്‍ ഷിരൂർ അപകടമാണ് ഓർമവന്നത്, ദൈവം എത്തിച്ചതാണ് ഇവരെ; വീരമലക്കുന്നില്‍ നിന്ന് തന്നെ രക്ഷിച്ചവർക്ക് നന്ദി പറയാനെത്തി അധ്യാപിക
Kerala

'കുന്നിടിഞ്ഞപ്പോള്‍ ഷിരൂർ അപകടമാണ് ഓർമവന്നത്, ദൈവം എത്തിച്ചതാണ് ഇവരെ'; വീരമലക്കുന്നില്‍ നിന്ന് തന്നെ രക്ഷിച്ചവർക്ക് നന്ദി പറയാനെത്തി അധ്യാപിക

Web Desk
|
25 July 2025 7:07 AM IST

വീരമലകുന്നിടിഞ്ഞ് ചുറ്റും മണ്ണ് വീണ് കാറിൽ കുടുങ്ങിയ സിന്ധുവിനെ നാട്ടുകാർ രക്ഷിക്കുകയായിരുന്നു

കാസര്‍കോട്: ചെറുവത്തൂർ വീരമല കുന്നിൽ മണ്ണിടിഞ്ഞ് വീണ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അധ്യാപിക സിന്ധു തന്നെ രക്ഷപ്പെടുത്തിയവരെ കാണാൻ എത്തി. ഭർത്താവ് ഹരീഷിനൊപ്പം അപകടം നടന്ന വീരമലക്കുന്നും സിന്ധു സന്ദർശിച്ചു. തന്നെ രക്ഷപ്പെടുത്തിയവരോട് നന്ദി പറഞ്ഞാണ് സിന്ധു മടങ്ങിയത്. വീരമലകുന്നിടിഞ്ഞ് ചുറ്റും മണ്ണ് വീണ് കാറിൽ കുടുങ്ങിയ സിന്ധുവിനെ നാട്ടുകാർ രക്ഷിക്കുകയായിരുന്നു.

പടന്നക്കാട് എസ്.എൻ ടി ടി ഐയിലെ അധ്യാപിക സിന്ധു ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട് നിന്ന് ചെറുവത്തൂരിലേക്ക് പോവുന്നതിനിടെയാണ് വീരമലക്കുന്നിൽ മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ നിന്ന് അത്ഭുതകരമായി സിന്ധു രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഭർത്താവ് ഹരിഷിൻ്റെ ഒപ്പം വീരമലക്കുന്നിൽ മണ്ണിടിഞ്ഞ സ്ഥലം കാണാൻ സിന്ധു വീണ്ടും എത്തുകയായിരുന്നു.

റോഡിൽ കല്ലും മണ്ണും നിറഞ്ഞു. മുന്നോട്ടെടുക്കാനാവാതെ കാറിൽ കുടുങ്ങി. അപകടം നടന്നപ്പോൾ ആദ്യം ഭർത്താവിനെ ഫോണിൽ വിളിക്കുകയായിരുന്നു. അതേസമയം, മണ്ണിടിയുന്നതിന്‍റെ ശബ്ദം കേട്ട് തൊട്ടടുത്തെ ഹോട്ടൽ ഉടമയും സഹായിയും ഓടിയെത്തി.അവര്‍ കാറിന്‍റെ ഡോര്‍ തുറന്ന് സിന്ധുവിനെ പുറത്തിറക്കി. ദേഹത്തുണ്ടായിരുന്ന ചളിയെല്ലാം കഴുകി ഹോട്ടലിലിരുത്തി. ഭര്‍ത്താവ് സ്ഥലത്തെത്തിയപ്പോഴേക്കും സിന്ധു ഹോട്ടലില്‍ സുരക്ഷിതയായിരുന്നു.

അതേസമയം, മുന്നിൽ ഒരു കുന്ന് ഇടിഞ്ഞ് വീഴുന്നത് കണ്ടപ്പോൾ ഷിരൂർ അപകടം മനസ്സിൽ വന്നെന്നും സിന്ധു പറയുന്നു. ദൈവം എത്തിച്ചവരാണ് ഇവരെ.ആളുകളെ കണ്ടതോടെയാണ് തനിക്ക് ആശ്വാസമായതെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് സിന്ധു പറയുന്നു.തന്നെ രക്ഷിക്കാൻ ഓടിയെത്തിയ അരവിന്ദനെയും കൂട്ടുകാരെയും കണ്ട് നന്ദി പറഞ്ഞ് സിന്ധു മടങ്ങി.


Similar Posts