< Back
Kerala
Tenth Std Student Beaten up By Other Student in Alappuzha
Kerala

ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ സഹപാഠി ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി

Web Desk
|
12 March 2025 9:17 PM IST

മർദനമേറ്റ വിവരം സ്‌കൂൾ അധികൃതരോട് പറഞ്ഞപ്പോൾ മുതുക് വേദനയാണെന്ന് പറയണമെന്നും സ്‌കൂളിനെ ബാധിക്കുന്നരീതിയിൽ ഒന്നും ചെയ്യരുതെന്നും പറഞ്ഞതായി മാതാവ് പറഞ്ഞു.

ആലപ്പുഴ: ആലപ്പുഴയിൽ സർക്കാർ എയ്ഡഡ് സ്കൂളിൾ പത്താം ക്ലാസ് വിദ്യാർഥിനിയെ സഹപാഠിയായ വിദ്യാർഥിനി ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. ‌പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥിനിയെ മറ്റൊരു വിദ്യാർഥിനി കൈയിൽ പിടിച്ചുവലിച്ച് ക്ലാസ് മുറിയിൽ കയറ്റി പൂട്ടിയിട്ട ശേഷം മർദിക്കുകയായിരുന്നു എന്നാണ് പരാതി. കഴിഞ്ഞദിവസമായിരുന്നു സംഭവം.

മർദന വിവരം ടീച്ചറോട് കാര്യം പറഞ്ഞപ്പോൾ വീട്ടിൽ പോയ്‌ക്കോളൂ എന്നാണ് പറഞ്ഞതെന്നും രക്ഷിതാക്കൾ സ്‌കൂളിലെത്തിയപ്പോൾ അങ്ങനൊരു സംഭവം അറിഞ്ഞിട്ടില്ലെന്ന നിലപാടാണ് അധ്യാപകരും പിടിഎയും സ്വീകരിച്ചതെന്നും കുടുംബം പറയുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ക്ലാസ് മുറിയിലേക്ക് വലിച്ചുകയറ്റുകയും മറ്റൊരു കുട്ടിയെ കൊണ്ട് വാതിൽ പൂട്ടിച്ച ശേഷം മുതുക് ഇടിച്ചു ചതച്ചതായും മാതാവ് പറഞ്ഞു. ഇക്കാര്യം സ്‌കൂൾ അധികൃതരോട് പറഞ്ഞപ്പോൾ മുതുക് വേദനയാണെന്ന് പറയണമെന്നും സ്‌കൂളിനെ ബാധിക്കുന്നരീതിയിൽ ഒന്നും ചെയ്യരുതെന്നും പറഞ്ഞതായി മാതാവ് പറഞ്ഞു. മർദിച്ച കുട്ടിയുടെ ഭാഗത്താണ് സ്‌കൂൾ അധ്യാപകരും പിടിഎയും നിൽക്കുന്നതെന്നും മാതാവ് ആരോപിച്ചു.

അതേസമയം, ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിയെ എല്ലിന് പൊട്ടലുണ്ടെന്ന് കണ്ടതിനെ തുടർന്ന് പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒരു ആൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് സൂചന. പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം കേസെടുക്കാമെന്നാണ് പൊലീസ് നിലപാട്.


Similar Posts