
കോൺഗ്രസ് പുറത്താക്കിയ തലച്ചിറ അസീസ് കേരള കോൺഗ്രസ് (ബി) യിൽ ചേർന്നു
|ഗണേഷ് കുമാറിനെ പുകഴ്ത്തിയതിനെ തുടർന്നാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്
കൊല്ലം: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ പുകഴ്ത്തിയതിന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ തലച്ചിറ അസീസ് കേരള കോൺഗ്രസ് ബിയിൽ ചേർന്നു. പാർട്ടി ചെയർമാൻ മന്ത്രി കെ.ബി ഗണേഷ് കുമാർ നേരിട്ട് എത്തി മെമ്പർഷിപ്പ് നൽകി.
തലച്ചിറ അസീസിനെ കോൺഗ്രസ് പുറത്താക്കിയത് സത്യം പറഞ്ഞതിനെന്ന് ഗണേഷ് കുമാർ പറഞ്ഞു. കോൺഗ്രസിൽ ഇപ്പോൾ സത്യം പറയാൻ പാടില്ല. സത്യം പറയുന്നവരുടെ കണ്ണ് കുത്തിപ്പൊട്ടിക്കുകയാണ് ഇപ്പോഴത്തെ കോൺഗ്രസ് രീതി. സന്തോഷത്തോടെ അസീസിനെ കേരള കോൺഗ്രസ് ബി യിലേക്ക് സ്വാഗതം ചെയ്യുന്നു. അസീസിന് സംസ്ഥാന തലത്തിൽ സ്ഥാനം നൽകും. വെട്ടിക്കവല പഞ്ചായത്ത് വൻ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ജയിക്കുമെന്നും കെ.ബി ഗണേഷ് കുമാർ പ്രതികരിച്ചു.
സൂര്യനെപോലെ ജ്വലിച്ചു നിൽക്കുന്ന നേതാവാണ് ഗണേഷ് കുമാറെന്ന് അസീസ് പറഞ്ഞു. മുട്ടിയാൽ തുറക്കുന്ന വാതിൽ ഗണേഷ് കുമാറിൻ്റെ വാതിലാണെന്നും കോൺഗ്രസ് ഇല്ലാത്ത വാർഡിൽ പാർട്ടി വളർത്തിയത് താനാണെന്നും അസീസ് ഇന്ന് പറഞ്ഞു.
മുൻ പ്രസംഗം വലിയ വിവാദമായതോടെ അസീസിനോട് പാർട്ടി വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകാൻ അദ്ദേഹത്തിന് കഴിയാതെ വന്നതോടെയാണ് പാർട്ടി കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്. ഗണേഷ് കുമാറിനെ പുകഴ്ത്തി റോഡ് ഉദ്ഘടന പരിപാടിയിൽ സംസാരിച്ചതിനാണ് പുറത്താക്കിയത്. ഗണേഷ് കുമാർ കായ്ഫലമുള്ള മരമെന്നായിരുന്നു അസീസിൻ്റെ പ്രസംഗം. മന്ത്രി ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് അസീസ് ആഹ്വാനം ചെയ്തിരുന്നു.