
തലശ്ശേരി -മാഹി ബൈപ്പാസിൽ സ്‌കൂൾ വിദ്യാർഥികളുടെ സാഹസിക പ്രകടനം; പിഴയിട്ട് പൊലീസ്
|ന്യൂ മാഹി പൊലീസാണ് കാറുകളടക്കമുള്ള 6 വാഹനങ്ങൾക്ക് പിഴയിട്ടത്
കണ്ണൂർ: നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ സാഹസിക പ്രകടനം. മങ്ങാട്-കവിയൂർ ഭാഗത്താണ് വിദ്യാർഥികൾ അപകടരകമാം വിധം കാറുകളും, ഇരുചക്ര വാഹനങ്ങളും ഓടിച്ചത്. ന്യൂ മാഹി പൊലീസ് വാഹനങ്ങൾക്ക് പിഴയിട്ടു.
തിരുവോണത്തലേന്ന് വൈകീട്ടാണ് വിദ്യാർത്ഥികൾ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ബൈപ്പാസിൽ അതിക്രമിച്ച് കടന്ന് അഭ്യാസം കാണിച്ചത്. നാദാപുരം, കുറ്റ്യാടി മേഖലകളിൽ നിന്നുള്ളവരായിരുന്നു സംഘത്തിൽ. ഡോറിന് മുകളിൽ ഇരുന്ന് കാറ് അതിവേഗത്തിൽ റോഡിലൂടെ പായിക്കുയായിരുന്നു. ഇരുചക്ര വാഹത്തിലും അപകടകരമായ രീതിയിൽ വിദ്യാർത്ഥികൾ റോഡിലൂടെ ചീറി പാഞ്ഞു.
സംഭവം നാട്ടുകാർ ചിലർ മൊബൈലിൽ പകർത്തിയതോടെ നിയമലംഘനം പോലീസിന്റെ ശ്രദ്ധയിലെത്തി. അന്വേഷണത്തിൽ അഭ്യാസ പ്രകടനം നടത്തിയവരെ പൊലീസ് തിരിച്ചറിഞ്ഞു. പ്രായപൂർത്തിയാകാത്തവരടക്കം കൂട്ടത്തിൽ ഉണ്ടായിരുന്നു. നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് കാറുകളടക്കമുള്ള 6 വാഹനങ്ങൾക്ക് ന്യൂമാഹി പൊലീസ് പിഴയിടുകയായിരുന്നു.