< Back
Kerala
ഫ്രഷ് കട്ട് പ്ലാന്റ് തത്കാലം തുറക്കില്ല, പ്ലാന്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പഠിക്കും;തീരുമാനം കലക്ടർ വിളിച്ച യോ​ഗത്തിൽ
Kerala

'ഫ്രഷ് കട്ട് പ്ലാന്റ് തത്കാലം തുറക്കില്ല, പ്ലാന്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പഠിക്കും';തീരുമാനം കലക്ടർ വിളിച്ച യോ​ഗത്തിൽ

Web Desk
|
29 Oct 2025 8:27 PM IST

നിരപരാധികൾക്കതിരെ പൊലീസ് നടപടി ഉണ്ടാകില്ലെന്നും കലക്ടർ യോഗത്തിൽ ഉറപ്പ് നൽകി

കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാന്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രുപീകരിക്കാൻ തീരുമാനം. കോഴിക്കോട് കലക്ടർ വിളിച്ച സർവകക്ഷി യോഗത്തിലാണ് തീരുമാനം. മാലിന്യ സംസ്കരണ പ്ലാന്റ് തത്കാലം തുറക്കില്ല. സമിതിയുടെ റിപ്പോർട്ടിന് ശേഷം തീരുമാനം എടുക്കും. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തിയാകും സമിതി. നിരപരാധികൾക്കതിരെ പൊലീസ് നടപടി ഉണ്ടാകില്ലെന്നും കലക്ടർ യോഗത്തിൽ ഉറപ്പ് നൽകി.

സംഘർഷത്തിൽ കുറ്റക്കാരാണെന്ന് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യമുണ്ടെങ്കിൽ മാത്രമേ വീടുകൾ കയറിയിറങ്ങിയുള്ള പരിശോധനകൾ നടത്താൻ പാടുള്ളൂ എന്നാണ് പ്രധാനമായും സർവ്വകക്ഷിയോ​ഗത്തിൽ കലക്ടർ നിർദേശിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളെയും കൂട്ടിച്ചേർത്ത് ഒരു സമിതി രൂപീകരിക്കാനും പ്ലാന്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിശോധിക്കാനും യോ​ഗത്തിൽ തീരുമാനമായി. കൂടാതെ, പ്രദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്തുകൊണ്ട് യോ​ഗത്തിന് ശേഷം പ്ലാന്റ് എന്ന് തുറക്കുമെന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്നും നിരപരാധികൾക്കെതിരെ പൊലീസ് നടപടി ആവർത്തിക്കില്ലെന്നും സർവ്വകക്ഷി യോ​ഗത്തിൽ കലക്ടർ പറ‍ഞ്ഞു.

അതേസമയം, സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കൂടി ഇന്ന് പിടിയിലായി. എസ്ഡിപിഐ പ്രാദേശിക നേതാവായ കൂടത്തായി സ്വദേശി അമ്പാടൻ അൻസാറിനെയാണ് പൊലീസ് പിടികൂടിയത്. കൂടത്തായിയിലെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം 13 ആയി.

Similar Posts