< Back
Kerala
Thamarassery pass renovation approved
Kerala

താമരശ്ശേരി ചുരം: മൂന്ന് ഹെയർപിൻ വളവുകൾകൂടി നിവർത്താൻ ഭരണാനുമതി

Web Desk
|
16 Jan 2025 8:04 PM IST

കേരള പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ആറ്, ഏഴ്, എട്ട് വളവുകളാണ് നവീകരിക്കുക.

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയർപിൻ വളവുകൾകൂടി വീതികൂട്ടി നിവർത്തുന്നതിന് ഭരണാനുമതിയായി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ആറ്, ഏഴ്, എട്ട് വളവുകളാണ് നവീകരിക്കുക. ഇതിനായി, പിഡബ്‌ള്യുഡി നൽകിയ എസ്റ്റിമേറ്റ് പ്രകാരം 37.16 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചു. മൂന്ന്, അഞ്ച് വളവുകളുടെ നവീകരണം നേരത്തേ പൂർത്തിയാക്കിയിരുന്നു.

വനഭൂമിയിൽ ഉൾപ്പെടുന്ന ഈ വളവുകൾ സാധിക്കുന്നത്രയും നിവർത്താൻ ആവശ്യമായ മരം മുറിക്കുന്നതിനുള്ള അനുമതിയോടെ വനംവകുപ്പ് ഭൂമി കൈമാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് പേവ്ഡ് ഷോൾഡറുകളോട് കൂടിയാണ് വളവുകൾ വീതി കൂട്ടി നിവർത്തുക. ഗതാഗതനിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിക്കൊണ്ടായിരിക്കും പണി നടത്തുക. ടെൻഡർ വിളിച്ച് പണി നടത്തേണ്ട ചുമതല പൂർണമായും കേരള പൊതുമരാമത്ത് വകുപ്പിനാണ്. പണി പൂർത്തിയാകുന്ന നാൾ മുതൽ അഞ്ച് വർഷത്തേക്ക് ഡിഫക്ട് ലയബിലിറ്റി പിരിയഡ് നിശ്ചയിച്ചാണ് കരാർ നൽകുക. കരാർ നടപടികൾ നിശ്ചിത സമയത്തിനുള്ളിൽ നടത്തി പണി എത്രയും വേഗം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

കോഴിക്കോട് - വയനാട് പാതയിൽ തിരക്കേറുന്ന സമയങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് ചുരം റോഡിലെ വളവുകളുടെ വീതിക്കുറവ് ഉൾപ്പെടെയുള്ള കാര്യങ്ങൾമൂലം ഉണ്ടാകുന്നത്. കൂടുതൽ വളവുകൾ വീതികൂട്ടി നിവർത്തുന്നതോടെ ആ പ്രശ്‌നത്തിന് കുറേയേറെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar Posts