
താമരശ്ശേരി ഷഹബാസ് വധക്കേസ്: ആരോപണ വിധേയരായ കുട്ടികൾക്ക് ജാമ്യമില്ല
|കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ ആരോപണ വിധേയരായ കുട്ടികൾക്ക് ജാമ്യമില്ല. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജുവനൈൽ ജസ്റ്റിസ് ബോർഡും നേരത്തെ ജാമ്യം തള്ളിയിരുന്നു.
ആറ് വിദ്യാർഥികളാണ് കേസിൽ കുറ്റാരോപിതരായിട്ടുള്ളത്. കോഴിക്കോട് വെള്ളിമാടുക്കുന്നിലെ ജുവനൈൽ ഹോമിലാണ് വിദ്യാർഥികളുളളത്. പ്രതികളെല്ലാവരും പ്രായപൂർത്തിയാകത്തവരാണ്. ജാമ്യാപേക്ഷയിലെ വാദം കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു.
കുട്ടികളുടെ പ്രായം പരിഗണിക്കണമെന്നും അവധിക്കാലമായതിനാൽ മാതാപിതാക്കൾക്കൊപ്പം ഇവരെ ജാമ്യം നൽകി വിട്ടയക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികൾക്ക് പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുത്, ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. പ്രതികളുടെ സാമൂഹ്യ മാധ്യമത്തിലെ ചാറ്റുകൾ ഇതിന് തെളിവാണെന്നും പ്രോസിക്യുഷൻ കോടതിയിൽ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധി.