< Back
Kerala
ഗുരുവായൂരപ്പന്‍റെ ഥാര്‍ ഇനി  അമല്‍ മുഹമ്മദിന് സ്വന്തം
Kerala

ഗുരുവായൂരപ്പന്‍റെ ഥാര്‍ ഇനി അമല്‍ മുഹമ്മദിന് സ്വന്തം

Web Desk
|
18 Dec 2021 3:48 PM IST

ലേലത്തില്‍ പങ്കെടുത്തത് ഒരാള്‍ മാത്രം

ഗുരുവായൂർ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ച ഥാർ ഇനി എറണാകുളം സ്വദേശി അമല്‍ മുഹമ്മദിന് സ്വന്തം. 15,10,000 രൂപയ്ക്കാണ് അമല്‍ മുഹമ്മദ് ഥാര്‍ സ്വന്തമാക്കിയത്. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്.

ബഹ്‌റൈനില്‍ ബിസിനസ്സ് ചെയ്യുകയാണ് അമല്‍ മുഹമ്മദ്. ഭഗവാന്‍ ഗുരുവായൂരപ്പനോടുള്ള സ്നേഹം കൊണ്ടാണ് അമല്‍ കാര്‍ സ്വന്തമാക്കാന്‍ തീരുമാനിച്ചത് എന്ന് അദ്ദേഹത്തിനായി ലേലത്തില്‍ പങ്കെടുത്ത സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. മറ്റാരും ലേലത്തിൽ പങ്കെടുക്കാനെത്തിയില്ലെന്നും അതിനാല്‍ തന്നെ വേഗത്തില്‍ അമലിന് കാര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞെന്നും ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്.യു.വി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വാഹനത്തിന് വിലയുണ്ട്. 2020 ഒക്ടോബറിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്.യു.വി വിപണിയില്‍ അവതരിപ്പിച്ചത്.



Related Tags :
Similar Posts