< Back
Kerala
67ാമത് സ്കൂൾ കായികമേളയ്ക്ക്​ ഇന്ന് തിരുവനന്തപുരത്ത് തുടക്കം

Photo: Special arrangement

Kerala

67ാമത് സ്കൂൾ കായികമേളയ്ക്ക്​ ഇന്ന് തിരുവനന്തപുരത്ത് തുടക്കം

Web Desk
|
21 Oct 2025 9:46 AM IST

മേളയിൽ 12 വേദികളിലായി ഇരുപതിനായിരം കുട്ടികൾ മാറ്റുരയ്ക്കും

തിരുവനന്തപുരം: 67ാമത് സ്കൂൾ കായികമേളക്ക് ഇന്ന് കൊടിയേറ്റം. വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മേളയിൽ 12 വേദികളിലായി ഇരുപതിനായിരം കുട്ടികൾ മാറ്റുരയ്ക്കും. കാലാവസ്ഥ പ്രതികൂലമാകുകയാണെങ്കിൽ മത്സരങ്ങൾ ഇൻഡോർ വേദിയിലേക്ക് മാറ്റും. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് ഇത്തവണ മേളയുടെ ബ്രാൻഡ് അംബാസഡർ.

കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. തുടർന്ന് ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനതാരം ഐ.എം.വിജയൻ മന്ത്രി വി.ശിവൻകുട്ടിയ്‌ക്കൊപ്പം ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് മേളയുടെ ബ്രാൻഡ് അംബാസഡർ. ചലച്ചിത്ര താരം കീർത്തി സുരേഷ് മേളയുടെ ഗുഡ്‌വിൽ അംബാസഡർ ആണ്. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറും. മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയിൽ നിന്നും മുന്നൂറ് കുട്ടികൾ പങ്കെടുക്കുന്ന വിപുലമായ മാർച്ച് പാസ്റ്റുമാണ് ഒരുക്കിയിരിക്കുന്നത്. പതിനാറോളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മേളയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

ഒക്ടോബർ 22 മുതൽ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങൾ നടക്കും. മേളയിൽ ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി 1944 കായിക താരങ്ങൾ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങളാണ് പങ്കെടുക്കുന്നത്. ഗൾഫ് മേഖലയിൽ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളിൽ നിന്നും 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെൺകുട്ടികൾ കൂടി ഈ സംഘത്തിൽ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്.

പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പുരയുടെ പ്രവർത്തനം. രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള വിപുലമായ ഭക്ഷണശാലയാണ് പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിട്ടുള്ളത്. ഇതടക്കം നാല് പാചകപ്പുരകളും പാകം ചെയ്ത ഭക്ഷണം മറ്റ് നാലിടങ്ങളിൽ എത്തിച്ചുനൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ പ്രതിഭകളായ കുട്ടികളെ ഒരു സ്ഥലത്ത് ഒരുമിച്ചുകൂട്ടുക, അവർക്ക് തമ്മിൽ പരിചയപ്പെടാൻ അവസരം ഒരുക്കുക, ആവശ്യമായ പിന്തുണ നൽകുക എന്നതിലൂടെ മികച്ച കായികതാരങ്ങളെ വാർത്തെടുക്കുകയെന്നതാണ് മേളയുടെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് 2500 ഭിന്നശേഷി വിദ്യാർഥികൾ കൂടി മത്സരയിനങ്ങളിൽ പങ്കെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മീഡിയവണിനോട് പറഞ്ഞു.

Similar Posts