< Back
Kerala
രാത്രിയുടെ മറവിൽ സസ്‌പെൻഡ് ചെയ്ത നടപടി അപക്വം; ലാലി ജെയിംസ്
Kerala

രാത്രിയുടെ മറവിൽ സസ്‌പെൻഡ് ചെയ്ത നടപടി അപക്വം; ലാലി ജെയിംസ്

Web Desk
|
27 Dec 2025 8:40 AM IST

ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും കൂടുതൽ പ്രതികരണങ്ങൾ കൂടിയാലോചനയ്ക്ക് ശേഷം നടത്തുമെന്നും ലാലി

കൊച്ചി: തൃശൂർ കോർപറേഷനിലെ മേയർ തെരഞ്ഞെടുപ്പിൽ നേതൃത്വത്തിനെതിരായ ആരോപണത്തിൽ ഉറച്ച് സസ്‌പെൻഷനിലായ കൗൺസിലർ ലാലി ജെയിംസ്. രാത്രിയുടെ മറവിൽ തന്നെ സസ്‌പെൻഡ് ചെയ്ത നടപടി അപക്വമായെന്ന് പറഞ്ഞ ലാലി ഡിസിസി പ്രസിഡന്റെ ജോസഫ് ടാജറ്റിനെതിരെ ആഞ്ഞടിച്ചു. പാർട്ടിയെ പ്രതിതസന്ധിയിലാക്കിയ ആരോപണങ്ങളിൽ അടിയന്തര അന്വേഷണം നടത്തിയ ഡിസിസിയുടെ റിപ്പോർട്ടിന്മേലാണ് ഇന്നലെ ലാലിക്കെതിരെ നടപടിയെടുത്തത്.

ഇരുട്ടത്തെടുത്ത നടപടി സന്തോഷത്തോടെ സ്വീകരിക്കുന്നു. സസ്‌പെൻഡ് ചെയ്താലും താൻ കോൺഗ്രസുകാരിയായി തുടരുമെന്നും തന്നെ തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ലാലി പ്രതികരിച്ചു. കോൺഗ്രസുകാരിയായി തുടരാൻ കോൺഗ്രസിന്റെ അംഗത്വം ആവശ്യമില്ലെന്ന് പറഞ്ഞ ലാലി തിരിച്ചെടുത്തില്ലെങ്കിലും മരണംവരെ കോൺഗ്രസുകാരിയായി തുടരുമെന്നും വ്യക്തമാക്കി.

കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് നടപടി സ്വീകരിച്ചത്. ഡിസിസി പ്രസിഡന്റിന്റെ പക്വതയില്ലായ്മയാണ് നടപടിക്ക് പിന്നിലെന്നും ലാലി കുറ്റപ്പെടുത്തി. ജോസഫ് ടാജറ്റ് പാർട്ടി ഫണ്ട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ കയ്യിൽ പണമില്ലാത്തതിനാൽ പാർട്ടി ഫണ്ട് നൽകാനാവില്ലെന്ന് പറഞ്ഞു. നിജി ജസ്റ്റിൻ പാർട്ടി ഫണ്ട് നൽകിയിട്ടുണ്ടാകുമെന്നും മേയർ പദവി പ്രതീക്ഷിക്കേണ്ടതില്ലെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും ലാലി പറഞ്ഞു.

കൂടാതെ, വിഷയത്തിൽ എഐസിസിയെയോ കെപിസിസിയെയോ സമീപിക്കില്ലെന്നും രണ്ട് ഘടകങ്ങളും അവർക്കൊപ്പമായതിനാൽ നേതൃത്വത്തെ സമീപിച്ചിട്ട് കാര്യമില്ലെന്നും ലാലി പ്രതികരിച്ചു. ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും കൂടുതൽ പ്രതികരണങ്ങൾ കൂടിയാലോചനയ്ക്ക് ശേഷം നടത്തുമെന്നും ലാലി വ്യക്തമാക്കി.

Similar Posts