< Back
Kerala
The assessment that insurances are un-Islamic should be reconsidered
Kerala

ഇൻഷുറൻസുകൾ ഇസ്‌ലാമിക വിരുദ്ധമെന്ന വിലയിരുത്തൽ പുനഃപരിശോധിക്കണം: വാഫി ഫിഖ്ഹ് സെമിനാർ

Web Desk
|
16 Jan 2025 7:17 PM IST

ആരോഗ്യ, വാഹന, തൊഴിൽ സുരക്ഷാ ഇൻഷുറൻസുകളെല്ലാം അനുവദനീയമാണെന്ന് ശാഫി മദ്ഹബിലെ കർമശാസ്ത്ര ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ സെമിനാർ അഭിപ്രായപ്പെട്ടു.

കളമശ്ശേരി: വിവിധ തരം ഇൻഷുറൻസുകളുടെ ഇസ്‌ലാമിക വീക്ഷണം ചർച്ച ചെയ്ത് വാഫി ഫിഖ്ഹ് സെമിനാർ. 'ഇസ്‌ലാം: ലളിതം, സുന്ദരം' എന്ന പ്രമേയത്തിൽ എറണാകുളം കളമശ്ശേരിയിൽ നടക്കുന്ന സംസ്ഥാന വാഫി വഫിയ്യ കലോത്സവത്തിന്റെയും സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി നടന്ന സെമിനാറാണ് അക്കാദമിക ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നത്. എല്ലാവിധ ഇൻഷുറൻസുകളും ഇസ്‌ലാമിക വിരുദ്ധമാണെന്ന പൊതു വിലയിരുത്തൽ പുനഃപരിശോധിക്കണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.

ഇസ്‌ലാം നിഷിദ്ധമാക്കിയ ചൂതാട്ടം, പലിശ, വഞ്ചന തുടങ്ങിയ കാര്യങ്ങൾ ഇൻഷുറൻസിൽ കടന്നുവരുന്നു എന്ന നിഗമനത്തിലാണ് ചില ആധുനിക പണ്ഡിതന്മാർ ഇൻഷുറൻസുകളെ നിഷിദ്ധമാക്കിയത്. എന്നാൽ ഇന്ന് നിലവിലുള്ള ഒട്ടുമിക്ക ജനറൽ ഇൻഷുറൻസുകളും കൈമാറ്റ ഇടപാടുകൾ അല്ലാത്തതിനാൽ ഇവയൊന്നും കടന്നുവരുന്നില്ല, അതുകൊണ്ട് തന്നെ ആരോഗ്യ, വാഹന, തൊഴിൽ സുരക്ഷാ ഇൻഷുറൻസുകളെല്ലാം അനുവദനീയമാണെന്ന് ശാഫി മദ്ഹബിലെ കർമശാസ്ത്ര ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ സെമിനാർ അഭിപ്രായപ്പെട്ടു.

സാമ്പത്തിക നഷ്ടപരിഹാര സംവിധാനങ്ങൾക്ക് ഇസ്‌ലാമിക ചരിത്രത്തിൽ തന്നെ ധാരാളം ഉദാഹരണങ്ങൾ കാണാൻ സാധിക്കും. ആധുനിക കാലത്ത് നഷ്ട ലഘൂകരണത്തിൻ്റെ പ്രായോഗിക രൂപം ഇൻഷുറൻസുകൾ ആയതിനാൽ ഇതിൻ്റെ കർമശാസ്ത്രപരമായ സാധുത കൂടുതൽ വിശകലനം ചെയ്യേണ്ടതുണ്ട്. പ്രസ്തുത വിഷയത്തിൽ തുടർപഠനങ്ങൾ സെമിനാർ സ്വാഗതം ചെയ്തു.

സിഐസി റിസർച്ച് കൗൺസിൽ ചെയർമാൻ അബ്ദുസ്സലാം ഫൈസി എടപ്പാൾ മോഡറേറ്ററായി നടന്ന സെമിനാറിൽ ഡോ. സ്വലാഹുദ്ധീൻ വാഫി കാടേരി, ഡോ. ലുഖ്മാൻ വാഫി ഫൈസി അൽ അസ്ഹരി, ഇ.കെ അബ്ദു റഷീദ് വാഫി എന്നിവർ വിഷയാവതരണം നടത്തി. മുഹമ്മദ്‌ ഫൈസി ആതവനാട്, ഇബ്രാഹിം ഫൈസി ഉഗ്രപുരം, മുഈനുദ്ധീൻ ബാഖവി മുണ്ടംപറമ്പ്, മുഹമ്മദ് റഹ്മാനി മഞ്ചേരി, മുർഷിദ് വാഫി മുള്ളൂർക്കര, സ്വാലിഹ് വാഫി ഒതുക്കുങ്ങൽ എന്നിവർ സംബന്ധിച്ചു.

Similar Posts