< Back
Kerala
vm sudheeran-k sudhakaran

കെ.സുധാകരന്‍/വി.എം സുധീരന്‍

Kerala

കോൺഗ്രസിൽ വീണ്ടും പോര് മുറുകുന്നു; എ.ഐ.സി.സി ഇടപെട്ടേക്കും

Web Desk
|
1 Jan 2024 6:50 AM IST

കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരനും തമ്മിലാണ് ഗ്രൂപ്പിനെച്ചൊല്ലി പോര് രൂക്ഷമാക്കിയത്

തിരുവനന്തപുരം: കോൺഗ്രസിൽ വീണ്ടും പോര് മുറുകുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനും മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരനും തമ്മിലാണ് ഗ്രൂപ്പിനെച്ചൊല്ലി പോര് രൂക്ഷമാക്കിയത്. നേരത്തെ കേരളത്തിലെ കോൺഗ്രസിൽ രണ്ട് ഗ്രൂപ്പുകളുടെ താത്പര്യമായിരുന്നു സംരക്ഷിക്കപ്പെടേണ്ടതെങ്കിൽ ഇപ്പോഴത് അഞ്ചായി മാറിയെന്നായിരുന്നു സുധീരന്‍റെ വിമർശനം. താൻ സുധീരന്‍ പറഞ്ഞതിന് വില കൽപ്പിക്കുന്നില്ലെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം.

താനിനി കെ.പി.സി.സിയുടെ എല്ലാ യോഗങ്ങളിലും പങ്കെടുക്കുമെന്ന സുധീരന്‍റെ മുന്നറിയിപ്പ് വീണ്ടും വിവാദങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടിക്കുള്ളിൽ പടലപ്പിണക്കങ്ങളും പോരും മുറുകിയാൽ അത് വൻ ക്ഷീണമുണ്ടാക്കുമെന്ന് എ.ഐ.സി.സി നേതൃത്വത്തിന് ബോധ്യമുണ്ട്. അതിനാൽത്തന്നെ വിഷയം വഷളാകാതെ നേതൃത്വം ഇടപെടാനുള്ള സാധ്യതകളുമുണ്ട്.

യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനങ്ങൾ വേണമെന്നാണ് താൻ ആവശ്യപ്പെട്ടതെന്നാണ് സുധീരന്‍ പറഞ്ഞത്. ഏകപക്ഷീയമായ പ്രഖ്യാപനങ്ങളാണ് വന്നത്. സുധാകരന്റെ നിലപാടിൽ മാറ്റമൊന്നും വന്നില്ല. നേരത്തെ രണ്ട് ഗ്രൂപ്പായിരുന്നെങ്കിൽ ഇപ്പോൾ അഞ്ച് ഗ്രൂപ്പായി. കൂടുതൽ ഗ്രൂപ്പുകൾ ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് കത്തയച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർന്നാണ് എ.ഐ.സി.സി അംഗത്വം രാജിവച്ചത്. പിന്നീട് രാഹുൽ ഗാന്ധി വിളിച്ചെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്നും സുധീരൻ പറഞ്ഞിരുന്നു.

കെ.പി.സി.സിയുടെ പരിപാടികളിൽ മാത്രമാണ് താൻ പങ്കെടുക്കാതിരുന്നത്. ഡി.സി.സി പരിപാടികളിൽ പങ്കെടുക്കാറുണ്ട്. അപ്പോഴാണ് താൻ പാർട്ടി വിട്ടുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പറയുന്നത്. അദ്ദേഹത്തിന്റെ ഭാഗത്ത് ഔചിത്യക്കുറവുണ്ടായിട്ടുണ്ട്. താൻ യോഗത്തിൽ ഉന്നയിച്ച വിമർശനങ്ങൾക്ക് അവിടെയാണ് നേതൃത്വം മറുപടി പറയേണ്ടത്. എന്നാൽ അദ്ദേഹം പരസ്യമായാണ് തനിക്ക് മറുപടി പറഞ്ഞത്. ഒരിക്കലും കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് അദ്ദേഹം ചെയ്തതെന്നും സുധീരൻ വ്യക്തമാക്കിയിരുന്നു.



Related Tags :
Similar Posts