< Back
Kerala
തൃക്കാക്കരയില്‍ പ്രചാരണം മുറുകുന്നു: ജോ ജോസഫ് ഇന്ന് രണ്ടാംഘട്ട പര്യടനം തുടങ്ങും
Kerala

തൃക്കാക്കരയില്‍ പ്രചാരണം മുറുകുന്നു: ജോ ജോസഫ് ഇന്ന് രണ്ടാംഘട്ട പര്യടനം തുടങ്ങും

Web Desk
|
10 May 2022 6:37 AM IST

മൂന്നിടങ്ങളിൽ മണ്ഡലം കൺവെൻഷനുകളാണ് ഇന്ന് യുഡിഎഫ് സംഘടിപ്പിച്ചിട്ടുള്ളത്

തൃക്കാക്കര: തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പിന്റെ വീറും വാശിയും മുറുകുന്നു. മണ്ഡലത്തിലുടനീളം പരമാവധി വേഗത്തിൽ പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോവുകയാണ് സ്ഥാനാർത്ഥികൾ. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് മണ്ഡലത്തിൽ ഇന്ന് രണ്ടാംഘട്ട പര്യടനത്തിലേക്ക് കടക്കും. ഉച്ചയ്ക്ക് ഒരു മണി വരെ വെണ്ണലയിലാണ് പര്യടനം. ഉച്ചകഴിഞ്ഞ് രാത്രിവരെ വരെ പാലാരിവട്ടത്തും പര്യടനം തുടരും. കേരള കോൺഗ്രസ് എമ്മിന്റെ പ്രവർത്തക കൺവെൻഷൻ ഇന്ന് ഇടപ്പള്ളിയിൽ നടക്കും. പാർട്ടി ചെയർമാൻ ജോസ് കെ മാണിയാണ് ഉദ്ഘാടകൻ.

മൂന്നിടങ്ങളിൽ മണ്ഡലം കൺവെൻഷനുകളാണ് ഇന്ന് യുഡിഎഫ് സംഘടിപ്പിച്ചിട്ടുള്ളത്. യുഡിഎഫിലെ മുതിർന്ന നേതാക്കൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. തൃപൂണിത്തുറ, കടവന്ത്ര, വെണ്ണല എന്നിവിടങ്ങളിലാണ് ഇന്നത്തെ കൺവെൻഷനുകൾ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും കൺവൻഷനുകൾ ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഇന്ന് ഉദ്ഘാടനം ചെയ്യും.

ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ രാവിലെ 11 മണിക്ക് നാമനിർദ്ദേശ പത്രിക നൽകും. കാക്കനാട് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്ന് പ്രകടനമായെത്തിയാണ് പത്രിക സമർപ്പിക്കുക. 13നാണ് ബിജെപിയുടെ മണ്ഡലം കൺവെൻഷൻ. ബിജെപിയുടെ ദേശീയ സംസ്ഥാന നേതാക്കൾ കൺവൻഷനിൽ പങ്കെടുക്കും.

Related Tags :
Similar Posts