< Back
Kerala
ഗുരുപൂജ സംഘ്പരിവാറിന്റെയും ഗവർണറുടെയും സംസ്‌കാരം, കേരളത്തിൽ അടിച്ചേൽപ്പിക്കരുത്; എഐഎസ്എഫ്
Kerala

ഗുരുപൂജ സംഘ്പരിവാറിന്റെയും ഗവർണറുടെയും സംസ്‌കാരം, കേരളത്തിൽ അടിച്ചേൽപ്പിക്കരുത്; എഐഎസ്എഫ്

Web Desk
|
13 July 2025 5:40 PM IST

കേന്ദ്രത്തിന്റെ രാഷ്ട്രീയ ചട്ടുകമായി പ്രവർത്തിക്കുന്ന ഗവർണർ അപഹാസ്യമായ നിലപാടുകളിലൂടെ ദിനം തോറും കുപ്രസിദ്ധി നേടുകയാണെന്നും എഐഎസ്എഫ് ആരോപിച്ചു.

തിരുവനന്തപുരം: ഗവർണറുടെയും സംഘ് പരിവാറിന്റെയും സംസ്‌കാരമാണ് ഗുരുപൂജയെന്നും പ്രസ്തുത സംസ്‌കാരം കേരളത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നും എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടിവ് പറഞ്ഞു. കേന്ദ്രത്തിന്റെ രാഷ്ട്രീയ ചട്ടുകമായി പ്രവർത്തിക്കുന്ന ഗവർണർ അപഹാസ്യമായ നിലപാടുകളിലൂടെ ദിനം തോറും കുപ്രസിദ്ധി നേടുകയാണെന്നും എഐഎസ്എഫ് ആരോപിച്ചു.

ഗുരുപൂജ നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ വിമർശിക്കുന്നതെന്നുമാണ് ഗുരുപൂർണിമ ദിനത്തിൽ വിവിധ സ്‌കൂളുകളിൽ വിദ്യാർഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവത്തെ കുറിച്ച് ഗവർണർ പ്രതികരിച്ചത്. വർഗീയമായ ലക്ഷ്യത്തോടെ വിവിധ ആഘോഷങ്ങളുടെ നടത്തിപ്പ് ജനകീയവൽക്കരിക്കുകയും അതിലൂടെ തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയും ചെയ്യുന്ന ആർഎസ്എസ് നയത്തിന്റെ പ്രചാരകനാവുകയാണ് ഗവർണറെന്ന് എഐസ്എഫ് ആരോപിച്ചു.

മതനിരപേക്ഷ, ലിബറൽ, മാനവിക ചിന്താഗതികളെ വെല്ലുവിളിച്ച് കൊണ്ട് പ്രാകൃത സംസ്‌കാരത്തിലേക്ക് വിദ്യാർത്ഥികളെ ആനയിക്കാനുള്ള ശ്രമം കേരളത്തിൽ വിലപ്പോവില്ലെന്നും സംഘ് പരിവാറിന്റെ വിനീത ദാസനായ ഗവർണറുടെ സംസ്‌ക്കാര രാഹിത്യം കേരളം തിരിച്ചറിയുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ. അധിൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Similar Posts