< Back
Kerala
സ്‌കൂൾ സമയമാറ്റം മദ്രസ വിദ്യാർഥികളെ മാത്രമല്ല, ട്യൂഷന് പോകുന്നവരെയും ദൂര സ്ഥലങ്ങളിൽ നിന്നും വരുന്ന അധ്യാപകരെയുമടക്കം ബാധിക്കും; സത്താർ പന്തല്ലൂർ
Kerala

സ്‌കൂൾ സമയമാറ്റം മദ്രസ വിദ്യാർഥികളെ മാത്രമല്ല, ട്യൂഷന് പോകുന്നവരെയും ദൂര സ്ഥലങ്ങളിൽ നിന്നും വരുന്ന അധ്യാപകരെയുമടക്കം ബാധിക്കും; സത്താർ പന്തല്ലൂർ

Web Desk
|
17 Jun 2025 12:47 PM IST

സ്‌കൂളിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ആവശ്യമായ പ്രായോഗികമായ പരിഹാരങ്ങളിലേക്കാണ് സർക്കാർ മുന്നോട്ട് വരേണ്ടതെന്നും സത്താർ വ്യക്തമാക്കി.

ദുബൈ: സ്‌കൂൾ സമയമാറ്റം മദ്രസ വിദ്യാർഥികളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്ന് എസ്‌കെഎസ്എസ്എഫ് വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ. ഹൈസ്‌കൂളുകളിൽ ട്യൂഷനെ ആശ്രയിക്കുന്ന വിദ്യാർഥികളെയും ദൂരസ്ഥലങ്ങളിൽ നിന്നു വരുന്ന അധ്യാപകരെയും അടക്കം സമയമാറ്റം ബാധിക്കുമെന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

സർക്കാർ,എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർഥികളിൽ മഹാ ഭൂരിപക്ഷവും സ്വകാര്യ ട്യൂഷൻ സംവിധാനങ്ങളെ ആശ്രയിക്കുന്നവരാണ്. അതിന് കാരണം നമ്മുടെ സ്‌കൂളുകളിലെ അധ്യാപനത്തിന്റെ ഗുണനിലവാരമില്ലായ്മയാണ്. അത് പരിഹാരിക്കാനുള്ള മാർഗങ്ങൾ കാണുന്നതിന് പകരം മദ്രസയിലും ട്യൂഷനും പോകുന്ന വിദ്യാർഥികളെയും ദൂരെനിന്ന് യാത്രചെയ്ത് വരുന്ന അധ്യാപകരെയും ബുദ്ധിമുട്ടിക്കുന്ന സമയക്രമമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും സത്താർ അഭിപ്രായപ്പെട്ടു.

സമയക്കുറവല്ല നമ്മുടെ സ്‌കൂളുകളെ ബാധിച്ചത്. ഉള്ള സമയം ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാനുള്ള സംവിധാനങ്ങളില്ലാത്തതും അധ്യാപകർക്ക് കൃത്യമായ പരിശീലനം ലഭിക്കാത്തതുമാണ് പ്രശ്‌നമെന്നും അദ്ദേഹം ആരോപിച്ചു. സ്‌കൂളിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ആവശ്യമായ പ്രായോഗികമായ പരിഹാരങ്ങളിലേക്കാണ് സർക്കാർ മുന്നോട്ട് വരേണ്ടതെന്നും സത്താർ വ്യക്തമാക്കി.

സമയമാറ്റത്തിൽ പുനരാലോചന ആവശ്യപ്പെട്ട് സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിൽ സർക്കാരിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും സത്താർ പറഞ്ഞു.

watch video:

Similar Posts