< Back
Kerala
ആലുവയിലെ കുഞ്ഞിന്റെ അച്ഛന് പണം തിരികെ നൽകി കോൺഗ്രസ് നേതാവ്
Kerala

ആലുവയിലെ കുഞ്ഞിന്റെ അച്ഛന് പണം തിരികെ നൽകി കോൺഗ്രസ് നേതാവ്

Web Desk
|
16 Nov 2023 12:44 PM IST

വാർത്ത നിഷേധിക്കാൻ ആരോപണ വിധേയൻ പെൺകുട്ടിയുടെ അച്ഛനെ സമ്മർദം ചെലുത്തുന്ന ഫോൺ സന്ദേശം പുറത്തുവന്നു

കൊച്ചി: ആലുവയിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ വഞ്ചിച്ച് പണം തട്ടിയതായി പരാതി. മഹിളാ കോൺഗ്രസ് ജില്ലാ നേതാവിന്റെ ഭർത്താവ് മുനീറിനെതിരെയാണ് ആരോപണം.

സംഭവം വിവാദമായതോടെ പണം തിരികെ നൽകി മുനീർ തലയൂരി. പണം ലഭിച്ചതോടെ പരാതിയുമായി മുന്നോട്ടുപോകാനില്ലെന്ന് കുടുംബം അറിയിച്ചു. ആരോപണം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വിശദമായി പരിശോധിക്കുമെന്നും ആലുവ റൂറൽ എസ്.പി പറഞ്ഞു.

കുട്ടി കൊല്ലപ്പെട്ട് ആദ്യ ദിവസങ്ങളിൽ കുടുംബത്തെ സഹായിക്കാൻ ഒപ്പം കൂടിയാണ് മുനീർ പണം തട്ടിയത്. എ.ടി.എം ഉപയോഗിക്കാൻ അറിയാത്ത കുട്ടിയുടെ അച്ഛനെ കബളിപ്പിച്ചായിരുന്നു തട്ടിപ്പ്. ആഗസ്റ്റ് അഞ്ച് മുതൽ പത്ത് വരെ ഇരുപതിനായിരം രൂപ വീതം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു.

സംഭവം തട്ടിപ്പാണെന്ന് മനസിലായതോടെ കുടുംബം പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ 70,000 രൂപ ആലുവ എം.എൽ.എ അൻവർ സാദത്ത് ഇടപെട്ട് തിരികെ നൽകി. ബാക്കി 50,000 നവംബറിൽ തിരികെ നൽകാമെന്നാണ് മുനീർ രേഖാമൂലം എഴുതി നൽകിയത്. പറഞ്ഞ തിയതി കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.

വാർത്ത വന്നതിന് പിന്നാലെ സംഭവം കളവാണെന്ന് പറയാൻ കുട്ടിയുടെ അച്ഛനെ മുനീർ നിർബന്ധിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത് വന്നു. പണം തിരികെ നൽകാതെ പരാതിയിൽ നിന്ന് പിൻമാറില്ലെന്ന് കുടുംബം ഉറച്ച് നിന്നതോടെ, നൽകാനുള്ള തുക തിരികെ നൽകി മുനീർ തലയൂരി.

Watch Video Report


Related Tags :
Similar Posts