< Back
Kerala
സി.പി.ഐക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും;  ചീഫ് വിപ്പ് പദവി നല്‍കില്ല
Kerala

സി.പി.ഐക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും; ചീഫ് വിപ്പ് പദവി നല്‍കില്ല

Web Desk
|
14 May 2021 4:27 PM IST

ഐഎന്‍എല്ലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും മന്ത്രിസ്ഥാനം പങ്കുവെച്ച് നല്‍കാനും ആലോചനകളുണ്ട്

രണ്ടാം പിണറായി മന്ത്രിസഭയില്‍ സി.പി.ഐക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ലഭിക്കും. ചീഫ് വിപ്പ് സ്ഥാനം സി.പി.ഐ വിട്ട് നല്‍കും. സിപിഎമ്മുമായി ഇന്ന് നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. ഐഎന്‍എല്ലിനും ജനാധിപത്യ കേരള കോണ്‍ഗ്രസിനും മന്ത്രിസ്ഥാനം പങ്കുവെച്ച് നല്‍കാനും ആലോചനകളുണ്ട്.

തിങ്കളാഴ്ചത്തെ ഇടതുമുന്നണി യോഗത്തിനു മുൻപ് മന്ത്രി സ്ഥാനവും വകുപ്പുകളും സംബന്ധിച്ച് സി.പി.എം - സി.പി.ഐ ധാരണക്ക് വേണ്ടിയാണ് രണ്ടാം ഘട്ട ഉഭയകക്ഷി ചർച്ച നടന്നത് . 21 അംഗ ക്യാബിനറ്റിൽ സി.പി.ഐ യിൽ നിന്ന്നാലു മന്ത്രിമാരും സി പി എമ്മിന് മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരും ഉണ്ടാകും. സ്പീക്കർ സി പി എമ്മിനും ഡെപ്യൂട്ടി സ്പീക്കർ സി പി ഐ ക്കും തന്നെ. ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ട് നല്‍കും.സ്ഥിരം വകുപ്പുകളിൽ മാറ്റം വേണമെന്ന നിർദ്ദേശം സി പി എം മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിൽ സി പി ഐ അനുകൂലമായി പ്രതികരിച്ചിട്ടില്ല .

17 ന് നടക്കുന്ന എല്‍.ഡി.എഫ് യോഗത്തിന് മുന്നോടിയായി നടക്കുന്ന സി.പി.എം-സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനമാകും. ഘടകക്ഷികളുടെ മന്ത്രി സ്ഥാനം സംബന്ധിച്ച നിർദേശവും ഇന്നത്തെ കുടിക്കാഴ്ചയിൽ സി പി ഐ യെ സി പി എം അറിയിച്ചു. കേരളാ കോൺഗ്രസ് എമ്മിന് ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും നൽകും. എൻസിപിക്കും ജെഡിഎസിനും ഓരോ മന്ത്രിമാർ. ഒറ്റ സീറ്റുള്ള പാർട്ടികളിൽ കേരളാ കോൺഗ്രസ് ബിക്ക് മന്ത്രി സ്ഥാനം ഉണ്ടായേക്കും. കോൺഗ്രസ് എസിന് മന്ത്രി സ്ഥാനം നൽകില്ല. ജനാധിപത്യ കേരളാ കോൺഗ്രസിനും ഐഎൻഎല്ലിനും രണ്ടര വർഷം വീതം നൽകി രണ്ടു പാർട്ടികൾക്കും പ്രാതിനിധ്യം നൽകാനാണ് ആലോചന.

അതേസമയം 20 ന് വൈകിട്ട് 3.30ന് നടക്കുന്ന സത്യ പ്രതിജ്ഞക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.സാമൂഹ്യ അകലം ഉൾപ്പെടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 800 പേർക്ക് പങ്കെടുക്കാൻ കഴിയുന്ന പന്തലാണ് ഒരുക്കുന്നത് . മന്ത്രിമാർക്കും രാഷ്ട്രീയ പ്രമുഖർക്കും ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖരെയും സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കും.

Similar Posts