
'കേരള രാഷ്ട്രീയത്തിൽ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തി'; വി.എസിന് ആദരാഞ്ജലി അർപ്പിച്ച് സിപിഎം പോളിറ്റ് ബ്യൂറോ
|'വിയോഗം പാർട്ടിക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും തീരാ നഷ്ടമുണ്ടാക്കും'
ന്യൂഡൽഹി: വി.എസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. കേരള രാഷ്ട്രീയത്തിൽ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിയാണ് വി.എസ് അച്യുതാനന്ദനെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വാർത്താക്കുറിപ്പിൽ പറഞ്ഞു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്ക് സാക്ഷിയായി. വിയോഗം പാർട്ടിക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും തീരാ നഷ്ടമുണ്ടാക്കും. മുഖ്യമന്ത്രിയായിരുന്ന കാലത്ത് തൊഴിലാളി വർഗ്ഗത്തിന് വേണ്ടി നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടു. നിര്യാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും പിബി വാർത്താക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
ഇന്ന് 3.20ഓടെയായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ അന്തരിച്ചത്. കഴിഞ്ഞ മാസം 23-ാം തീയതിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 101 വയസായിരുന്നു.
പൊതുദർശനം ഇന്ന് വൈകിട്ട് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ നടക്കും. രാത്രി വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പതിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനമുണ്ടാകും. ഉച്ചക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ബുധൻ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്‌കാരിക്കും.
2006 മുതൽ 2011 വരെയുള്ള കാലയളവിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വി.എസ്. 2001-2006 കാലത്ത് പ്രതിപക്ഷനേതാവുമായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായിരുന്നു.