
സിപിഐ എതിർത്താൽ അത് നടപ്പാക്കുന്ന സിപിഎമ്മിൻെറ ‘മര്യാദ’
|മുന്നണി മര്യാദ ലംഘിച്ചു എന്ന തോന്നൽ സിപിഐക്കുണ്ട്, എന്ത് നിലപാട് പാർട്ടി സ്വീകരിക്കും എന്നത് വലിയ രാഷ്ട്രീയ ചോദ്യമാണ്
കോഴിക്കോട്: അഭിപ്രായ ഭിന്നതകളാൽ രണ്ട് വഴി സ്വീകരിച്ചവരാണ് സിപിഎമ്മും സിപിഐയും. ചൈനക്കൊപ്പം നിൽക്കണോ റഷ്യക്കൊപ്പം നിൽക്കണോ എന്നതിൽ തുടങ്ങി കോൺഗ്രസിനോട് എന്ത് നിലപാട് സ്വീകരിക്കണം എന്ന തർക്കം വരെ പിളർപ്പിലേക്ക് നയിച്ചു. ചൈനക്കൊപ്പം നിൽക്കണം കോൺഗ്രസിനോട് കൂട്ട് അരുത് തുടങ്ങിയ നിലപാടുകൾ ഉയർത്തി സിപിഐ ദേശിയ കൗൺസിലിൽ നിന്ന് ഇറങ്ങി വന്നവർ 1964 ൽ രൂപീകരിച്ച പാർട്ടിയാണ് സിപിഎം. കമ്യൂണിസ്റ്റ് പാർട്ടികളുടെ പുനർ ഏകീകരണം സിപിഐ നേതാക്കൾ ഇപ്പോഴും ഇടക്കിടയ്ക്ക് പറയാറുണ്ടെങ്കിലും നിലപാടിൽ ഇരുപാർട്ടികൾക്കിടയിലും ഭിന്നത നിലനിൽക്കുന്നുണ്ട്. അതിന്റെ അവസാന ഉദാഹരണമാണ് സിപിഐയുടെ എതിർപ്പ് മാനിക്കാതെ പിഎംശ്രീയിൽ ഒപ്പുവെച്ച സംഭവം.
ഒരു മുന്നണിയായി മുന്നോട്ട് പോവുമ്പോഴും സിപിഎമ്മും സിപിഐയും തമ്മിലുള്ള വിയോജിപ്പുകൾ പലകാലങ്ങളിലായി പുറത്തുവന്നിട്ടുണ്ട്. പിളർപ്പിന് ശേഷം ഇരുപാർട്ടികളും ഒന്നിച്ച് നിന്ന് നടത്തിയ സപ്തകക്ഷി മുന്നണി പരീക്ഷണം രണ്ട് കൊല്ലം കൊണ്ട് അവസാനിച്ചതാണ് ആദ്യ ഉദാഹരണം. 1969 ൽ രണ്ട് വർഷം പ്രായമുള്ള ഇഎംഎസ് സർക്കാറിന്റെ പതനത്തിലേക്ക് നയിച്ചതും ഇരുപാർട്ടികൾക്കിടയിലുള്ള ഭിന്നതകളാണ്. തുടർന്ന്, 1977 വരെ കോൺഗ്രസിനൊപ്പം ചേർന്ന് മുഖ്യമന്ത്രി കസേരയിലിരുന്ന സിപിഐ ചരിത്രത്തിൽ ഏറെ പഴി കേട്ടിട്ടുള്ളതും ഈ കാലത്താണ്. അടിയന്തരാവസ്ഥയെ പിന്തുണച്ച കമ്യൂണിസ്റ്റ് പാർട്ടി എന്ന കുത്തുവാക്ക് പലകാലങ്ങളിൽ സിപിഐ കേട്ടിട്ടുണ്ട്. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ വന്നതോടെയാണ് എൽഡിഎഫ് സംവിധാനം കേരളത്തിൽ രൂപപ്പെടുന്നത് തന്നെ. തുടർന്നിങ്ങോട്ട് പലകാലങ്ങളിൽ അഭിപ്രായവ്യത്യാസം ഇരു പാർട്ടികളും പരസ്യമാക്കിയിട്ടുണ്ട്.
മുന്നണിക്കകത്തെ സിപിഎമ്മിന്റെ വല്യേട്ടൻ മനോഭാവത്തിനെതിരെ പലകാലങ്ങളിൽ സിപിഐ പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും ചില വിഷയങ്ങളിൽ പരസ്യമായ വിരുദ്ധ നിലപാട് സിപിഐ സ്വീകരിച്ചിട്ടുണ്ട്. അതിരപ്പള്ളി ജലവൈദ്യുത പദ്ധതി, മാവോയിസ്റ്റ് വേട്ട, കെ.എം. മാണിയുടെ മുന്നണി പ്രവേശനം, തൃശൂർ പൂരം കലക്കൽ വിഷയത്തിൽ തുടങ്ങി പിഎം ശ്രീയിൽ എത്തി നിൽക്കുന്നു സിപിഐയുടെ വിയോജിപ്പുകൾ
അതിരപ്പള്ളി ജലവൈദ്യുതി പദ്ധതി
പലതവണ ചർച്ച ചെയ്യുകയും സിപിഐ എതിർപ്പിൽ തട്ടി നടപ്പാക്കാതെ ഇരിക്കുകയും ചെയ്യുന്ന പദ്ധതിയാണ് അതിരപ്പള്ളി ജലവൈദ്യുത പദ്ധതി. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് പദ്ധതി നടത്തിപ്പ് സംബന്ധിച്ച ചർച്ചകൾ സജീവമായപ്പോഴെല്ലാം പരിസ്ഥിതി ആഘാതം എന്ന തടസ്സ വാദം സിപിഐ ഉയർത്തിയിരുന്നു. എൽഡിഎഫിലെ പ്രധാന സഖ്യകക്ഷിയായ സിപിഐ വിശ്വാസത്തിലെടുക്കാതെ പദ്ധതി നടത്താനുള്ള രാഷ്ട്രീയ പ്രതിസന്ധി മനസ്സിലാക്കിയിട്ടാവണം അതിരപ്പള്ളി പദ്ധതി ഇന്നും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കാലങ്ങളിലെല്ലാം പാരിസ്ഥിതിക വിഷയങ്ങളിൽ സിപിഐ ഉയർത്തിപ്പിടിച്ച നിലപാടിന്റെ വിജയമായി സിപിഐ നേതൃത്വം ഇന്നും ഉയർത്തിക്കാണിക്കുന്നതും നടക്കാതെ പോയ അതിരപ്പള്ളി പദ്ധതി തന്നെ.
കെ.എം മണിയുടെ മുന്നണി പ്രവേശം
ഉമ്മൻ ചാണ്ടി സർക്കാർ കാലത്ത് ഇടതുമുന്നണിയിലേക്കുള്ള കെ.എം മാണിയുടെ വരവ് ചൂടേറിയ ചർച്ചാ വിഷയമായിരുന്നു. വിഷയം ചർച്ച ആയപ്പോഴെല്ലാം പ്രതിരോധമായി സിപിഐ ഉണ്ടായിരുന്നു. സിപിഎം പ്ലീനം വേദിയിൽ പ്രഭാഷകനായി കെ.എം. മാണി എത്തിയപ്പോൾ മുതലാണ് ഇടതുപക്ഷത്തിലേക്കുള്ള മാണിയുടെ വരവ് സജീവ ചർച്ചയായത്. പിൽക്കാലത്ത് ബാർ കോഴ ആരോപണം ഉയർന്നതും എൽഡിഎഫ് മാണിക്കെതിരെ സമരം ചെയ്തു എന്നതും ചരിത്രം. കെ.എം മാണിയുടെ മരണശേഷം കേരള കോൺഗ്രസ് ഇടതുപക്ഷത്ത് എത്തിയെങ്കിലും കെ.എം. മാണിയുടെ കാലത്ത് വഴങ്ങി കൊടുത്തില്ല എന്നത് സിപിഐക്ക് ആശ്വസിക്കാം.
മാവോയിസ്റ്റ് വേട്ട
2016 ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം നടന്ന മാവോയിസ്റ്റ് വേട്ടയുടെ കാര്യത്തിൽ എല്ലാ സമയത്തും സിപിഎമ്മും സിപിഐയും രണ്ട് തട്ടിലായിരുന്നു. 2016 ൽ നിലമ്പൂരിൽ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടപ്പോൾ മുതൽ സിപിഐ മാവോയിസ്റ്റ് വേട്ടക്കെതിരെ ശക്തമായ നിലപാടെടുത്തു. അന്നത്തെ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രൻ കടുത്ത ഭാഷയിലാണ് അതിനോട് പ്രതികരിച്ചത്.
തൃശൂർ പൂരം കലക്കൽ വിവാദത്തിലും ജിഷ്ണു പ്രണോയിയുടെ അമ്മയുടെ സമരത്തിലും സർക്കാറിന് വിരുദ്ധമായി സിപിഐ നേതൃത്വം അഭിപ്രായം പറഞ്ഞിരുന്നു.
എന്ത് സിപിഐ? , എം.വി.ഗോവിന്ദന്റെ പരിഹാസത്തിന്റെ അർത്ഥമിതോ ?
പിഎംശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവെച്ചേക്കും എന്ന രീതിയിലുള്ള വാർത്തകൾ വന്ന സമയത്ത് തന്നെ സിപിഐ എതിർപ്പ് പ്രകടമാക്കിയിരുന്നു. സിപിഐയുടെ വിരുദ്ധാഭിപ്രായം സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരിഹാസരൂപേണ എന്ത് സിപിഐ എന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം. പരിഹാസത്തിന് പിന്നാലെ സിപിഐ എതിർപ്പ് മുഖവിലക്കെടുക്കാതെ പദ്ധതിയിൽ ഒപ്പു വെച്ചതോടെ സിപിഐ സമ്മർദത്തിലാണ്.
സിപിഐ എന്ത് നിലപാട് സ്വീകരിക്കും എന്നത് വലിയ രാഷ്ട്രീയ ചോദ്യമാണ്. സിപിഐയുടെ വിദ്യാർത്ഥി-യുവജന നേതാക്കളെല്ലാം ശക്തമായ നിലപാടാണ് സ്വീകരിച്ചത്. മുന്നണി മര്യാദ ലംഘിച്ചു എന്ന തോന്നൽ സിപിഐക്കും ഉണ്ട്.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതെ തന്നെ പിഎം ശ്രീയിൽ ഒപ്പിട്ട് ഫണ്ട് നേടിയെടുക്കാൻ കഴിയുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെയും സർക്കാരിന്റെയും വാദം ഒരു ഘട്ടത്തിലും സിപിഐ മുഖവിലയ്ക്ക് എടുത്തിട്ടില്ല. പദ്ധതിയിൽ ഒപ്പുവയ്ക്കുന്നതോടെ ധാരണാപത്രം അനുസരിച്ച് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) സംസ്ഥാനത്തു പൂർണതോതിൽ നടപ്പാക്കേണ്ടി വരുമെന്ന് പദ്ധതിരേഖയിൽ തന്നെ പറഞ്ഞിട്ടുണ്ട്. സംസ്ഥാനവും കേന്ദ്രസർക്കാരും തമ്മിലുള്ള ധാരണാപത്രത്തിന്റെ ആദ്യ ഉപാധിയായി പറയുന്നതു തന്നെ ദേശീയ വിദ്യാഭ്യാസ നയത്തിലെ മുഴുവൻ നിബന്ധനകളും നടപ്പാക്കണമെന്നാണ്. വ്യവസ്ഥകൾ ഭാഗികമായി നടപ്പാക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് എത്രത്തോളം പ്രായോഗികമാണെന്ന സംശയമാണ് സിപിഐ ഉന്നയിക്കുന്നത്.