< Back
Kerala
Distribution of driving license and RC book will resume soon
Kerala

ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാകുന്നു; ഹാര്‍ഡ് കോപ്പി വിതരണം ചെയ്യില്ല

Web Desk
|
29 Sept 2024 7:08 AM IST

15 കോടി രൂപ കുടിശ്ശികയായതോടെ ലൈസന്‍സ്, ആര്‍സി എന്നിവയുടെ അച്ചടി മന്ദഗതിയിലാണ്

തിരുവനന്തപുരം: ഈ വര്‍ഷം തന്നെ ഡ്രൈവിങ് ലൈസന്‍സ് പൂര്‍ണമായും ഡിജിറ്റലാക്കാനുള്ള നീക്കത്തിലേക്ക് കടന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി ധനവകുപ്പിന്റെ അനുമതി തേടി ഗതാഗത വകുപ്പ് ഉടന്‍ സമീപിക്കും. ഡിജിറ്റലാക്കുന്നതോടെ ലൈസന്‍സിന്റെ ഒര്‍ജിനല്‍ പകര്‍പ്പ് വിതരണം നിർത്തലാക്കും.

കരാറെടുത്ത ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് 15 കോടി രൂപ കുടിശ്ശികയായതോടെ ലൈസന്‍സ്, ആര്‍സി എന്നിവയുടെ അച്ചടി മന്ദഗതിയിലാണ്. ജൂലൈ മുതലുള്ള അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഇതിന് ശാശ്വത പോംവഴിയായിട്ടാണ് ഗതാഗത കമ്മീഷണര്‍ സി.എച്ച് നാഗരാജു ഡ്രൈവിങ് ലൈസന്‍സ് പൂര്‍ണമായും ഡിജിറ്റലാക്കാനുള്ള ശിപാര്‍ശ ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാറിന് സമര്‍പ്പിച്ചത്.

എംപരിവാഹനില്‍ ഇപ്പോള്‍ ഡിജിറ്റല്‍ ലൈസന്‍സ് ലഭ്യമാകുമെങ്കിലും അച്ചടിച്ച പകര്‍പ്പും എംവിഡി നല്‍കുന്നുണ്ട്. ഡിജിറ്റലാക്കിയാല്‍ അനാവശ്യ ചെലവും ലൈസന്‍സിനായുള്ള കാത്തിരിപ്പും ഒഴിവാക്കാനാവും. ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന ദിവസം തന്നെ ഡിജിറ്റല്‍ ലൈസന്‍സും നല്‍കാന്‍ കഴിയുന്നതാണ്.

ഡിജിറ്റലാക്കിയാല്‍ വാഹന പരിശോധന സമയത്ത് ഉദ്യോഗസ്ഥര്‍ ലൈസന്‍സിന്റെ ഹാര്‍ഡ്കോപ്പി ഒരിക്കലും ആവശ്യപ്പെടില്ല. ലൈസന്‍സ് ഡിജിറ്റൈസേഷന് നിയമപരമായി വലിയ പ്രശ്നങ്ങളില്ലെങ്കിലും എംവി ആക്ട് 130 (1), 206 എന്നീ വകുപ്പുകളില്‍ പറയുന്ന ലൈസന്‍സ് പിടിച്ചെടുക്കല്‍ നിയമം നടപ്പാക്കുന്നതില്‍ സാങ്കേതിക പ്രശ്നം ഉണ്ടാവും. എംവിഡിയുടെ വരുമാനം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് ധനവകുപ്പായതിനാലാണ് ഡിജിറ്റൈസേഷനാക്കാന്‍ ധനവകുപ്പിന്റെ കണ്‍കറന്‍സ് ലെറ്റര്‍ അഥവാ അനുമതി പത്രം വേണ്ടത്.

Related Tags :
Similar Posts