< Back
Kerala
സ്‌കൂൾ വളപ്പിൽ അപകട ഭീതി ഉയർത്തി വൈദ്യുതി ലൈൻ
Kerala

സ്‌കൂൾ വളപ്പിൽ അപകട ഭീതി ഉയർത്തി വൈദ്യുതി ലൈൻ

Web Desk
|
25 July 2025 7:11 PM IST

കോന്നി ഇലകൊള്ളൂർ സെന്റ് ജോർജ് ഹൈസ്‌കൂൾ വളപ്പിലെ ലൈൻ മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് വാർഡ് മെമ്പർ ആരോപിക്കുന്നു

പത്തനംതിട്ട: പത്തനംതിട്ടയിലെ കോന്നി ഇളകൊള്ളൂർ സെന്റ് ജോർജ് ഹൈസ്‌കൂൾ വളപ്പിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈൻ അപകട ഭീഷണി ഉയർത്തുന്നു. സ്‌കൂൾ വരാന്തയിൽ നിന്ന് കൈയെത്തിപ്പിടിക്കാവുന്ന ഉയരത്തിലാണ് വൈദ്യുതി ലൈനുള്ളത്. വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കണമെന്ന് വാർഡ് മെമ്പർ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.

സ്‌കൂൾ ഓഫീസും ഹൈസ്‌കൂൾ ഉൾപ്പെടുന്ന കെട്ടിടത്തോട് ചേർന്നാണ് ഈ വൈദ്യുതി കമ്പികൾ സ്ഥാപിച്ചിരിക്കുന്നത്. കുട്ടികളുടെ ഊഞ്ഞാൽ അടക്കമുള്ള ഇരുമ്പ് ഷെഡ്ഡും വൈദ്യുതി ലൈനിന്റെ സമീപത്താണ്. ഓഫിസ് വരാന്തയിൽ നിന്ന് കൈയെത്തുന്ന ദൂരത്തിൽ മാത്രമാണ് വൈദ്യുതി ലൈൻ ഉള്ളതെന്ന് പഞ്ചായത്ത് അംഗം വി. ശങ്കർ പറയുന്നു.

കളിസ്ഥലത്തെ വൈദ്യുതി കമ്പിക്ക് താഴെ വാഴയും മറ്റ് മരച്ചില്ലകളും തട്ടിനിൽക്കുന്നുണ്ട്. രക്ഷിതാക്കളടക്കം കോന്നി കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കെഎസ്ഇബിയെ വിവരം അറിയിച്ചിട്ടുണ്ടെന്ന് സ്‌കൂൾ അധികൃതരും പറയുന്നു. ചരിഞ്ഞു വീഴാറായ പോസ്റ്റ് അപകടകരമായി ആഴ്ചകളോളം കയറു കെട്ടി നിർത്തിയതും കോന്നി കെഎസ്ഇബി ആയിരുന്നു.

Similar Posts