< Back
Kerala
പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണം കാണാതായ സംഭവം മോഷണമല്ലെന്ന് പൊലീസ്
Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണം കാണാതായ സംഭവം മോഷണമല്ലെന്ന് പൊലീസ്

Web Desk
|
11 May 2025 6:47 PM IST

സ്വർണം നഷ്ടപ്പെട്ടത് എങ്ങിനെയെന്ന കാര്യം സ്ഥിരീകരിക്കാനും പൊലീസിനായിട്ടില്ല

തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും 13 പവന്റെ സ്വർണദണ്ഡ് കാണാതായ സംഭവത്തിൽ മോഷണശ്രമം നടന്നില്ലെന്ന് പൊലീസ്. എന്നാൽ സ്വർണം നഷ്ടപ്പെട്ടത് എങ്ങിനെയെന്ന കാര്യം സ്ഥിരീകരിക്കാനും പൊലീസിനായിട്ടില്ല. മോഷണ ശേഷം തിരികെ ഉപേക്ഷിച്ചതാണോ എന്ന സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

സ്‌ട്രോങ് റൂമിൽ ബലംപ്രയോഗിച്ചുള്ള മോഷണം നടന്നിട്ടില്ലെന്നത് പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്ന് തിരുവനന്തപുരം ഡിസിപി നകുൽ രാജേന്ദ്ര ദേഷ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.107 ഗ്രാം സ്വർണം കാണാതായതിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ക്ഷേത്രത്തിലെ മണൽ പരപ്പിൽ നിന്ന് സ്വർണം ലഭിച്ചത്. സ്‌ട്രോങ് റൂമിന്റെ 30 മീറ്റർ അകലെ നിന്നാണ് സ്വർണം കണ്ടെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ച ആണ് ക്ഷേത്രത്തിന്റെ ശ്രീകോവിൽ സ്വർണം പൂശാൻ വച്ചിരുന്ന 13.5 പവൻ സ്വർണം മോഷണം പോയത്. ക്ഷേത്രകവാടം നിർമിക്കാനായി സംഭാവന ലഭിച്ച സ്വർണ്ണമായിരുന്നു നഷ്ടപ്പെട്ടത്. സുരക്ഷാ വീഴ്ച സംഭവിച്ചതായി നേരത്തെ ജീവനക്കാർ മൊഴി നൽകിയിരുന്നു.

Similar Posts