< Back
Kerala
ശബരിമല സ്വർണക്കൊള്ള; പത്മകുമാറിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു, കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും
Kerala

ശബരിമല സ്വർണക്കൊള്ള; പത്മകുമാറിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു, കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

Web Desk
|
27 Nov 2025 6:32 AM IST

ഉന്നതരുടെ പങ്കിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചതായതാണ് സൂചന

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിൽ നിന്ന് അന്വേഷണസംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. ഉന്നതരുടെ പങ്കിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചതായതാണ് സൂചന.

പത്മകുമാറിനെ രണ്ട് ദിവസത്തേക്കാണ് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടത്. ഇന്ന് വൈകിട്ടോടെ പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. ദേവസ്വം ബോർഡ് മുൻ അംഗങ്ങളെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം വൈകാതെ വിളിച്ചുവരുത്തും. കണ്ഠരര് മോഹനരുടെയും കണ്ഠരര് രാജീവരുടെയും മൊഴിയിൽ എസ്ഐടി വിശദമായ അന്വേഷണം നടത്തുകയാണ്.

ശബരിമല സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തം ദേവസ്വം ബോർഡിനും ഉദ്യോഗസ്ഥർക്കുമെന്ന് മൊഴി നൽകി തന്ത്രിമാരായ കണ്ഠരര് രാജീവരും കണ്ഠരര് മോഹനരും ഇന്നലെ പറഞ്ഞത്. ആചാരപ്രകാരമുള്ള കാര്യങ്ങൾ മാത്രമാണ് ചെയ്തതെന്നും തന്ത്രിമാർ അന്വേഷണ സംഘത്തോട് പറഞ്ഞു. എൻ.വാസു ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ അനുസരിക്കുകയായിരുന്നുവെന്ന് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ എസ്. ശ്രീകുമാറും മൊഴി നൽകിയിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാം. അദ്ദേഹവുമായി സൗഹൃദവും ഉണ്ട്. പക്ഷേ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തു വിടുന്നതിൽ യാതൊരു ഇടപെടൽ നടത്തിയിട്ടില്ല.ദൈവതുല്യർ ആരാണെന്ന് അറിയില്ലെന്നായിരുന്നു പത്മകുമാറിന്‍റെ പ്രസ്താവന മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ കണ്ഠരര് രാജീവരുടെ മറുപടി.



Similar Posts